ഇന്ത്യയില്‍ മുസ്‍ലിംകള്‍ക്ക് എതിരായ അക്രമങ്ങൾ തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അക്രമങ്ങള്‍ക്ക് എതിരെ നിശബ്ദത പാലിക്കുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്ര താനെയിൽ 72കാരന് നേര്‍ക്ക് ആക്രമണമുണ്ടായി. സമാനസംഭവത്തില്‍ ഹരിയാനയില്‍ യുവാവ് കൊല്ലപ്പെട്ടു. ഈ രണ്ട് സംഭവങ്ങളുടേയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ കുറിപ്പ്.
“വിദ്വേഷത്തെ രാഷ്ട്രീയ ആയുധമാക്കി അധികാര പടവുകൾ കയറിയവർ രാജ്യത്തുടനീളം ഭീതിയുടെ വാഴ്ച നടപ്പിലാക്കുകയാണ്. ആൾക്കൂട്ടത്തിൻ്റെ രൂപത്തിൽ മറഞ്ഞിരിക്കുന്ന വിദ്വേഷ സംഘങ്ങള്‍ പരസ്യമായി അക്രമം നടത്തുന്നു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു. -” അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ആക്രമണത്തിൽ ഉൾപ്പെട്ടതായി കരുതുന്ന ആറുപേരെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഹരിയാനയിലെ ചർഖി ദാദ്രിയിൽ ഓഗസ്റ്റ് 27നാണ് അക്രമം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ സാബിർ മാലിക് ആണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാൾ സ്വദേശിയായ മാലിക്കിന് നേര്‍ക്ക് നടന്നത് മൃഗീയമായ ആക്രമണമാണ്. ഈ അക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. മാലിക്കിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.