ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം പിടിച്ച് മലയാളിയും. തൃശൂർ സ്വദേശിയും കേരളവർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ മുഹമ്മദ് ഇനാനാണ് ടീമിൽ ഇടം പിടിച്ചത്. തൃശൂർ അയ്യന്തോൾ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ.
ബാറ്റിംഗ് ഓൾ റൗണ്ടറാണ് ഇനാൻ. വലംകൈകൊണ്ട് ബാറ്റ് ചെയ്യുന്ന താരം വലതുകൈകൊണ്ട് തന്നെ ബൗളിംഗും ചെയ്യുന്നു. ഇന്ത്യൻ മുൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ ഉൾപ്പടെയുള്ളവർ ഈ പരമ്പരയുടെ ഭാഗമാണ്. പരമ്പരയിൽ മൂന്ന് ഏകദിനവും രണ്ട് ചതുർദിന മത്സരവുമാണുള്ളത്.
ഏകദിന മത്സരങ്ങൾ സെപ്റ്റംബർ 21, 23, 26 തിയതികളിൽ പുതുച്ചേരിയിൽ നടക്കും. പിന്നാലെ ഏക ചതുർദിന മത്സരം സെപ്റ്റംബർ 30 മുതൽ ചെന്നൈയിൽ ആരംഭിക്കും. ഏകദിന ടീമിനെ ഉത്തർപ്രദേശുകാരൻ മുഹമ്മദ് അമാനും ചതുർദിന മത്സരത്തിൽ മധ്യപ്രദേശ് സ്വദേശി സോഹം പട്വർധനും നയിക്കും.