വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിനെതിരെ വീണ്ടും ലൈംഗിക ചുവയുള്ള പരാമര്‍ശവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപ്.
കമല ഹാരിസിന്റെയും മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയും ഡെമോക്രാറ്റിക് നേതാവുമായ ഹില്ലരി ക്ലിന്റനെയും ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റാണ് പങ്കുവെച്ചത്. ഇരുവരും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തില്‍ ലൈംഗികതാല്‍പര്യങ്ങള്‍ക്ക് വഴങ്ങിയെന്നായിരുന്നു പോസ്റ്റിലെ പരാമര്‍ശം. ട്രംപിന്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്.
‘ലൈംഗിക ചേഷ്ടങ്ങള്‍ ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തെ വ്യത്യസ്തമായി സ്വാധീനിച്ചതെങ്ങനെയെന്നത് രസകരമാണ്’ എന്ന കമന്റോട് കൂടി മറ്റൊരു അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റാണ് ട്രംപ് റീ പോസ്റ്റ് ചെയ്തത്. സാന്‍ഫ്രാന്‍സിസ്‌കോ മുന്‍ മേയര്‍ വില്ലി ബ്രൗണും കമലയുമായുള്ള മുന്‍ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അപവാദങ്ങളും 1990കളില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നതാണ് ഈ പരാമര്‍ശമമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.