ഏറ്റുമാനൂർ : വീട്ടമ്മയെ കബളിപ്പിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി ചാത്തമല ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ വിദ്യ മനീഷ് (35), കാരാപ്പുഴ ഗവൺമെന്റ് സ്കൂൾഭാഗത്ത് മഴുവഞ്ചേരിൽ വീട്ടിൽ അമൽ എം വിജയൻ (25), കുട്ടനാട് നീലംപേരൂർ ചെറുകര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഹരീന്ദർ ജോഷി (25), കോട്ടയം പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപം കൂവപ്പാടം വീട്ടിൽ മനോ.കെ. മണികണ്ഠൻ (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് മാഞ്ഞൂർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 50,000 (അന്‍പതിനായിരം) രൂപ പേഴ്സണൽ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂരിലേക്ക് വിളിച്ചുവരുത്തുകയും ഇവരിൽ നിന്നും വിദ്യ ആധാർ കാർഡും,പാൻ കാർഡും വാങ്ങിയെടുക്കുകയായിരുന്നു.
തുടർന്ന് ഇവർ ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൊബൈൽ ഷോപ്പിൽ എത്തുകയും ഇവിടെ ഉണ്ടായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏജന്റ് ആയിരുന്ന ഹരീന്ദർ ജോഷി വീട്ടമ്മയുടെ പാൻ കാർഡും, ആധാർ കാർഡും വിദ്യയിൽ നിന്നും വാങ്ങിയതിനു ശേഷം വീട്ടമ്മയുടെ പേരിൽ ധനകാര്യസ്ഥാപനത്തിൽ നിന്നും 1, 58,000 രൂപ ലോൺ പാസാക്കി എടുക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ അമ്പതിനായിരം രൂപ മാത്രമേ തനിക്ക് ആവശ്യമുള്ളതെന്ന് പറയുകയും, എന്നാല്‍ ഇവര്‍ മൊബൈൽ ഷോപ്പിൽ നിന്നും വീട്ടമ്മയുടെ പേരിൽ സാധനങ്ങൾ വാങ്ങിയതിനു ശേഷം അത് മറിച്ച് വിറ്റ് 50,000 രൂപാ നൽകാമെന്നും ബാക്കി തുകയുടെ തിരിച്ചടവ് തങ്ങള്‍ അടച്ചു കൊള്ളാമെന്ന് പറയുകയുമായിരുന്നു. ഇതു വീട്ടമ്മ വിശ്വസിക്കുകയും ചെയ്തു. തുടർന്ന് ഇവർ ഈ ലോൺ തുകയ്ക്ക് മൊബൈൽ ഷോപ്പിൽ നിന്നും 74,900 രൂപയുടെ മൊബൈൽ ഫോണും, 24,900 രൂപ വില വരുന്ന എയർപോഡും വാങ്ങിയെടുക്കുകയും, ഈ സാധനങ്ങൾ കാരാപ്പുഴ സ്വദേശിയായ അമലിനെ ഏൽപ്പിക്കുകയും, അമൽ ഇത് മനോയ്ക്ക് മറിച്ച് വിൽക്കുകയുമായിരുന്നു. തുടർന്ന് ഇവര്‍ വീട്ടമ്മയ്ക്ക് 50,000 രൂപാ നൽകാതെയും, വീട്ടമ്മയുടെ പേരിലുള്ള വായ്പ തിരിച്ചടയ്ക്കാതെയും വീട്ടമ്മയെ കബളിപ്പിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ നാലുപേരെയും പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ ജയപ്രകാശ്, തോമസ് ജോസഫ്, സിനിൽ കുമാർ, എ.എസ്. ഐ മാരായ സജി പി.സി, രാജേഷ് ഖന്ന, സി.പി.ഓ മാരായ ഡെന്നി, അനീഷ്, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാലു പേരെയും കോടതിയിൽ ഹാജരാക്കി. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.