യുവനടിയുടെ പരാതിയില്‍ ലൈംഗികാതിക്രമത്തിന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പോലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേകാന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പടുത്തിയിരുന്നു.
മുകേഷിനെതിരെ കേസ് വന്നതോടെ സിപിഎം വെട്ടിലായി. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സിപിഐ നേതാവ് ആനി രാജ മുകേഷിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ഇന്നലെ മുകേഷിന്റെ ഓഫീസിലേക്ക് യുഡിഎഫ്, ആർവൈഎഫ്, മഹിളാമോർച്ച എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നിരുന്നു.
നടിയുടെ പരാതിയില്‍ നടന് ജയസൂര്യക്ക് എതിരെ തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസ് ലൈംഗികാതിക്രമത്തിന് കേസ് എടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചെന്ന പരാതിയിലാണ് കേസ്.
യുവനടിയുടെ പരാതിയില്‍ നടന് സിദ്ദിഖിനെതിരെയും ബലാത്സംഗക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ് എടുത്തത്. ബംഗാളി നടിയുടെ പരാതിയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് ആയിരുന്ന സംവിധായകന് രഞ്ജിത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. എറണാകുളം നോർത്ത് പൊലീസാണ് കേസ് എടുത്തത്.
സംവിധായകൻ വി.കെ.പ്രകാശിനെതിരെ ലൈംഗിക ആരോപണവുമായി എത്തിയത് കഥാകൃത്തായ യുവതിയാണ്. വി.കെ.പ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.