തിരുവനന്തപുരം: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം നടത്തിയെന്ന് പരാതി. ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷിനെതിരെ ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളാണ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഗ്രൂപ്പ് യോഗം വിളിച്ച് ചേര്‍ത്തുവെന്നാണ് പരാതി. മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് സമര്‍പ്പിച്ച പരാതിയില്‍ ആരോപിക്കുന്നു.
‘പാര്‍ട്ടികകത്തെ ഗ്രപ്പ് പ്രവര്‍ത്തനവും, ഏകാധിപത്യ പ്രവണതയും സംഘടനയുടെ ഐക്യത്തെ ബാധിക്കും. ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത് ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പാര്‍ട്ടിക്ക് ദോഷകരമാകും. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം,’ പരാതിയില്‍ സൂചിപ്പിച്ചു. പരാതിയുടെ പകര്‍പ്പ് ലഭിച്ചു.