Kerala

‘നിലപാടു പറയാന്‍ പാര്‍ട്ടി അധ്യക്ഷനുണ്ട്, പാര്‍ട്ടിക്കാര്‍ അതിനോടു ചേര്‍ന്നു പോവണം’; സുരേഷ് ഗോപിയെ തള്ളി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിനിമാതാരങ്ങള്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി. ചലച്ചിത്ര നടന്‍ എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാല്‍ മതി. ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമെന്നതാണ് ബിജെപിയുടെ നിലപാട്. ആ നിലപാടില്‍ ഉറച്ചാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

മുകേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്തും തിരുവനന്തപുരത്തും പാര്‍ട്ടി സമരരംഗത്താണ്. ആ നിലപാടില്‍ ഒരു മാറ്റവുമില്ല. ചലച്ചിത്ര നടന്‍, മന്ത്രി എന്നീ നിലകളില്‍ സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ നിലപാടാണ് പ്രധാനം. പാര്‍ട്ടി നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ആരോപണത്തെത്തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചിരിക്കുകയാണ്. അതേസമയം മുകേഷിനെ ചലച്ചിത്ര നയ രൂപീകരണ സമിതിയിലും കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മുകേഷിനെ ഉള്‍പ്പെടുത്താമെങ്കില്‍ രഞ്ജിത്തിനെയും ഉള്‍പ്പെടുത്താമല്ലോ. ഇത് മൂര്‍ത്തമായ രാഷ്ട്രീയപ്രശ്‌നമാണ്. ഇതില്‍ ആര്‍ക്ക് ആരുടെ അഭിപ്രായമുണ്ടെങ്കിലും ബിജെപി നിലപാട് മുകേഷ് രാജിവെക്കണം എന്നു തന്നെയാണ്. കെ സുരേന്ദ്രന്‍ പറഞ്ഞു.

രഞ്ജിത്തും, സ്വകാര്യ സംഘടനയുടെ സെക്രട്ടറിയായ സിദ്ദിഖും രാജിവെച്ചിട്ടുണ്ടെങ്കില്‍, നിയമസഭ സാമാജികനായിട്ടുള്ള, അധികാരം കയ്യാളുന്ന ഒരാള്‍ എത്രയും പെട്ടെന്ന് രാജിവെച്ച് പോകേണ്ടതാണ്. വ്യാഖ്യാനങ്ങള്‍ക്കൊന്നും ഇതില്‍ അടിസ്ഥാനമില്ല. പാര്‍ട്ടി നിലപാട് വ്യക്തമാണ്. സ്ത്രീപീഡനത്തിന്റെ അപ്പോസ്തലനായ ഒരാളെ, ഈ വിഷയത്തിലെ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയാല്‍ ആ കോണ്‍ക്ലേവ് തന്നെ തടയുകയാണ് വേണ്ടത്. അത് ആ സമയമാകുമ്പോള്‍ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top