Kerala

‘ആദ്യ ഇര പാർവതിയല്ല, ഞാന്‍…’; അമ്മ സംഘടനയെ തള്ളി പൃഥ്വിരാജ്

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ യെ രൂക്ഷമായി വിമർശിച്ച് നടൻ പൃഥ്വിരാജ്. താരസംഘടനയ്ക്ക് പരാതികള്‍ പരിശോധിക്കുന്നതില്‍ തെറ്റുപറ്റി. അതിൽ സംശയമൊന്നുമില്ല. ആരോപണ വിധേയര്‍ മാറിനിന്ന് അന്വേഷണം നേരിടണം. ഹേമ കമ്മിഷൻ റിപ്പാർട്ടിൽ പഴുതടച്ച അന്വേഷണം വേണം. ഇരകളുടെ പേരുകളാണ് രാജ്യത്തെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേര് പുറത്തു വിടുന്നതിൽ നിയമപ്രശ്നങ്ങളൊന്നുമില്ല. അതിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. പരാതികൾ ഉയരുമ്പോൾ അവ കൃത്യമായി അന്വേഷിക്കപ്പെടണം. ആരോപണ വിധേയർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കണം. അതുപോലെ തന്നെ വ്യാജ ആരോപണമാണെന്ന് തെളിഞ്ഞാൽ അവർക്കും ശിക്ഷ നൽകണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു.

ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ചവരിൽ ഒരാളാണ് താൻ റിപ്പോർട്ട് പരസ്യപ്പെടുത്തിയതിൽ ഒരു ഞെട്ടലുമില്ല. കുറ്റം ചെയ്തവർക്കെതിരെ എന്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയാൻ എല്ലാവരെപോലെ തനിക്കും ആകാംക്ഷയുണ്ട്. ചലച്ചിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കാൻ വേണ്ടിയാണ് ഈ റിപ്പോർട്ട്. അത് പ്രസിദ്ധീകരിച്ചതിൽ ഒരു ഞെട്ടലുമില്ല. തനിക്ക് ചെയ്യാൻ കഴിയുന്നത് തനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്ന കാര്യമാണ്. എന്നാൽ അതിൽമാത്രം ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

മലയാള സിനിമയിൽ പവർ ഗ്രൂപ്പുകൾ ഇല്ലെന്ന് പറയാനാവില്ല. തനിക്ക് അത്തരമൊരു അവസ്ഥ നേരിരിടാത്തത് കൊണ്ട് അതില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. ഉണ്ടെങ്കിൽ അത് ഇല്ലാതാക്കണം. താരസംഘടനയായ ‘അമ്മ’ ശക്തമായ നിലപാട് സ്വീകരിക്കണം. എല്ലാ സംഘടനകളുടെ തലപ്പത്തും വനിതകൾ വരണം. തൻ്റെ സംഘടനയായ ‘അമ്മ’ യിലും അത് സംഭവിക്കണമെന്നാണ് തൻ്റെ ആഗ്രഹം. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. ഇന്ത്യയിൽ ചരിത്രം സൃഷ്‌ടിച്ച മാറ്റം ഉണ്ടായത് കേരളത്തിലാണെന്നും പ്രത്യേകിച്ച് മലയാള സിനിമയിലാണെന്ന് രേഖപ്പെടുത്തുമെന്നും നടൻ പറഞ്ഞു. സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ആദ്യ വ്യക്തി നടി പാർവതി ആയിരുന്നില്ല. തനിക്കാണ് അത്തരമൊരു ദുരവസ്ഥ ആദ്യം നേരിട്ടത്. വിലക്കോ ബഹിഷ്ക്കരണമോ സംഘടനയിൽ പാടില്ലെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

മലയാള ചലച്ചിത്ര മേഖലയില്‍ പവര്‍ഗ്രൂപ്പില്ലെന്നായിരുന്നു നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന് രാജിവച്ച അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിട്ടതിന് ശേഷം പ്രതികരിച്ചത്. ഇതിനെയെല്ലാം തള്ളുന്ന നിലപാടുമായിട്ടാണ് പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നത്. കുറച്ചാളുകൾ വിചാരിച്ചാൽ ആരെയും അഭിനയത്തിൽ നിന്നും വിലക്കാനാവില്ലെന്നും ഒരു പവർ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ലെന്നുമായിരുന്നു സംഘടനയുടെ പ്രതികരണമറിയിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞത്. തുടർന്ന് മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന ആരോപണവുമായി നിരവധി നടി – നടൻമാർ രംഗത്ത് വന്നിരുന്നു. തന്നെ മുമ്പ് വിലക്കിയതും പല ചിത്രങ്ങളിൽ നിന്നും മാറ്റി നിർത്തിയതടക്കം ചോദ്യം ചെയ്താണ് ഇന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top