കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫിൻ്റെ മി ടൂ ആരോപണത്തിൽ ചലച്ചിത്ര നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഒന്നിലധികം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെതിരെ കേസെടുക്കണം, എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം നിയോഗിച്ച അന്വേഷണ സംഘത്തിന് മുന്നിൽ മുകേഷിനെതിരെ ആരോപണമുന്നയിച്ച യുവതി പരാതി നൽകിയാൽ സർക്കാരിനും തിരിച്ചടിയാവും. ഭരണകക്ഷി എംഎൽഎക്കെതിരെ കേസടുക്കേണ്ട സാഹചര്യവുമുണ്ടാകും. ഇന്ന് ചലച്ചിത്ര നടിയായ മിനു മുനീറും മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിജി തമ്പി സംവിധാനം ചെയ്ത ‘നാടകമേ ഉലകം’ എന്ന ചിത്രത്തിൻ്റെ സെറ്റിൽവച്ച് തനിക്ക് മോശം അനുഭവം നേരിട്ടെന്നാണ് വെളിപ്പെടുത്തൽ.
പരാതിയുള്ളവർ മൊഴി നൽകി അരോപണത്തില്‍ ഉറച്ചുനിന്നാല്‍ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് ഏഴംഗ അന്വേഷണ സംഘത്തിനെ നിയമിച്ചുകൊണ്ട് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറച്ചിലുകൾ നടത്തുന്നവർ നിയമസംവിധാനങ്ങൾക്ക് മുന്നിൽ ചെയ്യാതിരുന്നാൽ തുടർന്ന് നടപടികൾ മുന്നോട്ടു കൊണ്ട് പോകുന്നതിന് തടസമുണ്ടാകുമെന്നും സർക്കാർ പറയുന്നു. ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തിയതിന് ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് നാല് വനിതകൾ അടങ്ങിയ ഐപിഎസ് സംഘത്തിനെ നിയമിക്കാന്‍ തീരുമാനമെടുത്തത്. ലൈംഗിക ചൂഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ നടന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ആരോപണ വിധേയർക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണിൽ നിന്നും ഉയർന്നിരുന്നു. പ്രതിപക്ഷവും ഈ ആവശ്യം ശക്തമാക്കിയ പശ്ചാത്തലത്തിൽ മറ്റുവഴികള്‍ ഒന്നുമില്ലാതെ അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കുകയായിരുന്നു.