തനിക്കെതിരെ ലൈംഗിക ചൂഷണം ആരോപിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. പരാതിക്ക് പിന്നിൽ നിക്ഷിപ്ത താല്പര്യമാണെന്നും അതിന് പിന്നിലെ അജണ്ട അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. പല സമയങ്ങളിലാണ് നടി വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചത്. ബലാത്സംഗ ആരോപണം നേരത്തേ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
താരസംഘടനക്ക് എതിരെയുണ്ടായ ആരോപണത്തിന് മറുപടി നൽകാൻ വിളിച്ച വാർത്താ സമ്മേളനത്തിന് ശേഷമാണ് ഈ നടി തനിക്കെതിരെ ആദ്യം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോൾ അവരോട് മോശമായി സംസാരിച്ചു എന്നായിരുന്നു ആരോപണം. സമൂഹ മാധ്യമങ്ങൾ വഴിയും ദൃശ്യ മാധ്യമങ്ങളിലൂടെയും വ്യത്യസ്ഥ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. ചില സമയങ്ങളിൽ താൻ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സംഗം ചെയ്തു എന്നും പറഞ്ഞിരുന്നു. ഒരു തവണ പോക്സോ കേസിൻ്റെ പരിധിയിൽ വരുന്ന പ്രായപൂർത്തി ആകുന്നതിന് മുമ്പുള്ള പീഡനത്തിന് ഇരയായതായും നടി പറയുന്നു. ഇങ്ങനെ വിവിധ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് സംശയകരമാണ്. അതുകൊണ്ട് അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുകൊണ്ടു വരണമെന്നാണ് സിദ്ദിഖിൻ്റെ ആവശ്യം.
നിള തീയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’യെന്ന സിനിമയുടെ പ്രിവ്യൂ കണ്ടതിന് മസ്ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണ് രേവതി സമ്പത്തിൻ്റെ പുതിയ ആരോപണം. സിനിമ ചർച്ച ചെയ്യാനാണ് വിളിച്ചതാണ് എന്നാണ് കരുതിയത്. എന്നാൽ ഈ സമയം പ്ലസ്ടു കഴിഞ്ഞിരിക്കുന്ന തന്നെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കി എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സിനിമയുടെ പ്രിവ്യൂവിന് ശേഷമാണ് കണ്ടത് എന്ന കാര്യം സിദ്ദിഖ് പരാതിൽ പറയുന്നുണ്ട്. രേവതി സമ്പത്തിനെ ഒരു ദിവസം മാത്രമാണ് കണ്ടിട്ടുള്ളത്. 2016 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് കണ്ടിട്ടുള്ളത്. എന്നാൽ നടി തനിക്കെതിരെ പറഞ്ഞ പോലെ ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും അന്ന് മാതാപിതാക്കള്‍ക്ക് ഒപ്പമാണ് നടി വന്നതെന്നും പരാതിയിൽ പറഞ്ഞു. രേവതി സമ്പത്തിൻ്റെ ആരോപണത്തിന് പിന്നാലെ ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവയ്ച്ചിരുന്നു. ധാർമികത ഉയർത്തിപ്പിടിച്ചാണ് താര സംഘടനയുടെ സുപ്രധാന പദവിയിൽ നിന്നും ഒഴിഞ്ഞത് എന്നായിരുന്നു നടൻ്റെ പ്രതികരണം.