ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശികളായ സുഷമ(16), സോണി(14) എന്നിവരെയാണ് രണ്ടാനച്ഛൻ വെട്ടിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഒമ്പത് വർഷമായി ഇരുവരും അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിക്കുന്നത്. ഡെലിവറി എക്സിക്യൂട്ടീവും പ്രതിയുമയ മോഹൻ ഒളിവിലാണ്. അമൃതഹള്ളി പൊലീസ് ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ ഫോൺ വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടികളുടെ അമ്മ ഒരു വസ്ത്രനിർമ്മാണശാലയിലാണ് ജോലി ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് 3.30 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മക്കളെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രക്തം പുരണ്ട വെട്ടുകത്തി പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.