Kerala

മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം രൂപാ തട്ടിയവർ ധനകാര്യ സ്ഥാപനത്തിൽ നൽകിയത് വ്യാജ ആധാർ കാർഡ്

വൈക്കം : വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആനിക്കാട് ഭാഗത്ത് പാണ്ടൻപാറയിൽ വീട്ടിൽ രാകേഷ് (42), കോതമംഗലം വാരപ്പെട്ടി പൊത്തനാകാവുംപടി ഭാഗത്ത് പാറേക്കുടിചാലിൽ വീട്ടിൽ ബിജു സി.എ (46) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷ് വൈക്കത്ത് പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നാല് പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷത്തില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഒരു പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടമായ രണ്ട് വള പണയം വെച്ച് 45,000 രൂപയും, വൈക്കം ബസ്റ്റാന്റിന് സമീപമുള്ള മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ രണ്ട് തവണകളായി 66,000 രൂപയുമാണ് തട്ടിയെടുത്തത്‌. അധികൃതരുടെ പരിശോധനയെ തുടർന്ന് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് രാകേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പണയം വയ്ക്കാൻ മുക്കുപണ്ടം നൽകിയതും കൂടാതെ വ്യാജ ആധാർ കാർഡ് നിർമ്മിച്ചു നൽകിയതും ബിജുവാണെന്ന് കണ്ടെത്തുകയും,

തുടർന്ന് പോലീസ് നടത്തിയ ശക്തമായ തിരച്ചിലില്‍ ഇയാളെ പെരുമ്പാവൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ എം, സി.പി.ഓ മാരായ അജീഷ്, പ്രവീണോ, സുദീപ്, അജീഷ് പി.ആർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജുവിന് തടിയിട്ട പറമ്പ്, വിയപുരം, കനകക്കുന്ന്, അമ്പലപ്പുഴ,പന്തളം ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top