തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജിയ്ക്കായി സമ്മർദം ഉയർന്നതോടെയാണ് രഞ്ജിത്തിന്‍റെ രാജി അനിവാര്യമായത്. ഞായറാഴ്ച രാവിലെയോടെ രഞ്ജിത്തിന്‍റെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
സി പി ഐ നേതാക്കളടക്കം ഉയർത്തിയ എതിർപ്പുകൾ അവഗണിക്കാനാകില്ലെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രാജിയിലേക്കുള്ള സാധ്യതയുണ്ടായതെന്നാണ് വിവരം. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമെന്നാണ് എൽ ഡി എഫ് നിലപാട്.
ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെന്ന മന്ത്രി സജി ചെറിയാന്റെ ഇന്നലത്തെ ആദ്യ നിലപാട് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. പിന്നാലെ രഞ്ജിത്തിനെ നീക്കണമമെന്ന് എൽ ഡി എഫിൽ തന്നെ സമ്മർദ്ദം ശക്തമാവുകയായിരുന്നു. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.