സുപ്രീം കോടതിയില്‍ നിന്നും ലഭിച്ച ഉറപ്പ് അംഗീകരിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു. കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സുരക്ഷ ആവശ്യപ്പെട്ടായിരുന്നു സമരം. ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് 11 ദിവസത്തെ പ്രതിഷേധം ഡോക്ടർമാർ പിന്‍വലിച്ചത്.
സമരം അവസാനിപ്പിക്കുകയാണെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ആര്‍ഡിഎ) പ്രസ്താവനയില്‍ അറിയിച്ചു. ജോലിയില്‍ ഉടന്‍ തിരികെ പ്രവേശിക്കും. രാജ്യത്തിന്റെ താല്‍പര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്ക് ദേശീയ മാര്‍ഗരേഖയുണ്ടാക്കാന്‍ പത്തംഗ ദൗത്യസംഘത്തെ കോടതി നിയോഗിച്ചിരുന്നു. പ്രതിഷേധത്തിന്റെ പേരില്‍ ഒരു ഡോക്ടര്‍ക്കെതിരേയും പ്രതികാര നടപടിയുണ്ടാകരുതെന്നും സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കില്ല. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഇവിടത്തെ ഡോക്ടര്‍മാര്‍.