Kerala

​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്റെ ബീജം സൂക്ഷിക്കാം: ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി അനുമതി

കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായ യുവാവിന്റെ ബീജമെടുത്തു സൂക്ഷിക്കാൻ ഹൈക്കോടതി അനുമതി നൽകി. മുപ്പത്തിനാലുകാരിയായ ഭാര്യയുടെ ഹർജിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉത്തരവ്. എന്നാൽ തുടർ നടപടികൾ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകാവൂ എന്നും നിർദേശിച്ചു. ഹർജി 9ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ വർഷമാണ് ദമ്പതികൾ വിവാഹിതരായത്. എന്നാൽ ഇവർക്ക് മക്കളില്ല. ഭർത്താവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനായി ‘അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി’ (എആർടി)ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ എആര്‍ടി ആക്ട് പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി ജി അരുണ്‍ ആണ് ഭാര്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അനുദിനം വഷളാവുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം ലഭിക്കുക അസാധ്യമാണെന്നും വിഷയം ഇനിയും വൈകിയാല്‍ കൈവിട്ടുപോകുമെന്നും ഭാര്യയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. എആര്‍ടി റെഗുലേഷന്‍ ആക്ടിന്റെ അനുമതിയില്ലാതെ ബീജം എടുക്കുകയും സൂക്ഷിക്കുകയും അല്ലാതെ ഒരുനടപടിയും സ്വീകരിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ ഒമ്പതിന് ഇത് സംബന്ധിച്ച ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top