India

എംപോക്‌സിനെതിരെ ജാഗ്രതയോടെ രാജ്യം; മൂന്ന് ആശുപത്രികളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

ലോകവ്യാപക ഭീഷണിയായി മാറികൊണ്ടിരിക്കുന്ന മങ്കിപോക്സ്(എംപോക്സ് ) നേരിടുന്നതിന് ഒരുക്കം തുടങ്ങി ഇന്ത്യയും. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പാകിസ്ഥാനിലടക്കം രോഗം എത്തിയ സാഹചര്യം പരിഗണിച്ചാണ് ഒരുക്കം. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്താവളങ്ങളിലടക്കം പ്രത്യേക മുന്‍കരുതലും ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് ആശുപത്രികളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡല്‍ഹി എയിംസാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ മൂന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ലോക് നായക്, ജിടിബി, ബാബാ സാഹിബ് അംബേദ്കര്‍ തുടങ്ങിയ ആശുപത്രികളിലാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കുക. വിദേശത്ത് നിന്നെത്തുന്ന ആര്‍ക്കെങ്കിലും രോഗ ബാധിച്ചാല്‍ പാര്‍പ്പിക്കാനാണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ചര്‍മ്മങ്ങള്‍ തമ്മിലുള്ള ബന്ധം, സ്രവങ്ങള്‍, അടുത്ത് നിന്നുള്ള സംസാരം എന്നിവ വഴിയെല്ലാം വൈറസ് പടരാം. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ പങ്കുവയ്ക്കുന്നതും വൈറസ് പടര്‍ച്ചയ്ക്ക് കാരണമാകാം. മൂന്ന് മുതല്‍ 17 ദിവസം വരെയാണ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി. അതിനാലാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ നേരത്തെ തയാറാക്കുന്നത്.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ് രോഗം വ്യാപകമായി പടരുന്നത്. മറ്റ് രാജ്യങ്ങളിലേക്കും രോഗം പടരുന്നുണ്ട്. തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓര്‍ത്തോപോക്സ് വൈറസ് ഗണത്തില്‍പ്പെടുന്ന മങ്കി പോക്സ് വൈറസ് മൂലമുണ്ടാകുന്ന പനിയാണ് എംപോക്സ്. 1958ലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്.

കൈകാലുകള്‍, നെഞ്ച്, മുഖം, വായ, ലൈംഗിക അവയവങ്ങള്‍ എന്നിവയിലുണ്ടാകുന്ന ചൊറിഞ്ഞു പൊട്ടല്‍ ആണ് മുഖ്യ ലക്ഷണം. ഇവിടെ പിന്നീട് പഴുപ്പ് നിറഞ്ഞ കുരുക്കളും പൊറ്റയും രൂപപ്പെടും. പനി, തലവേദന, പേശിവേദന, ലിംഫ് നോഡുകളിലെ നീര് എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഇത് പടരാം. വൈറസ് ഉള്ളിലെത്തി 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കും. മൂന്ന് മുതല്‍ 17 ദിവസം വരെയാണ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് പുറത്ത് സ്വീഡനിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ പാകിസ്ഥാനിലും രോഗം കണ്ടെത്തി. ഇതോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ജാഗ്രതയിലായത്. 2022ല്‍ ഇന്ത്യയില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യമായി എം പോക്സ് കണ്ടെത്തിയത്. 2022 ജൂലൈ 14നു യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ 22 വയസുകാരനായിരുന്നു രോഗബാധിതന്‍. ഇയാള്‍ യുഎഇയില്‍ രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലും സമാന സാഹചര്യത്തില്‍ വന്ന ചിലരില്‍ രോഗബാധ കണ്ടു. രോഗം ബാധിച്ച എല്ലാവരും വിദേശയാത്ര കഴിഞ്ഞ് എത്തിയവരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top