Kerala

ബെംഗളൂരുവില്‍ 18കാരന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് കേസ്; അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകൾ അറസ്റ്റിൽ

ബെംഗളൂരുവിലെ ഡിജെ ഹള്ളിയിലെ ചായക്കടയിലെ ജോലിക്കാരനായിരുന്ന യുവാവാണ് പരിക്കേറ്റ നിലയില്‍ പോലീസിനെ സമീപിച്ചത്. ചായക്കടയില്‍ സ്ഥിരമായി എത്തിയിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇക്കഴിഞ്ഞ ജൂലൈ 12ന് ഇയാളെ ഇവിടെ നിന്നും തട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കി. 2000 രൂപയാണ് ആദ്യദിനം ലഭിച്ചത്. ഇതോടെ ഇയാളെ സ്ത്രീയാക്കാൻ സംഘം ശ്രമം തുടങ്ങി.

രാത്രി പരാതിക്കാരൻ്റെ താമസസ്ഥലത്ത് എത്തിയ ട്രാന്‍സ്‌ജെൻഡറുകൾ സമ്മർദ്ദം തുടങ്ങി. പുരുഷനായിട്ടും 2000 രൂപ ലഭിച്ചെങ്കില്‍ സ്ത്രീയായാല്‍ കൂടുതല്‍ പണം ഉണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചു. ഇത് എതിര്‍ത്തതോടെ ബലമായി മരുന്ന് കുത്തിവച്ച് മയക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ബോധം തിരികെ ലഭിച്ചപ്പോള്‍ ജനനേന്ദ്രിയം വികൃതമാക്കിയ നിലയിലായിരുന്നു. അവിടെ ഒരു പൈപ്പ് സ്ഥാപിച്ച നിലയിലുമായിരുന്നു.

തുടര്‍ന്ന് തടവില്‍ പാര്‍പ്പിച്ച് അവരുടെ ആചാരപ്രകാരമുള്ള ചില ചടങ്ങുകളും നടത്തി. തന്നെ ലൈംഗികവൃത്തിക്ക് ഇറക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇതെന്ന് പിന്നീട് മനസിലാക്കി. അതിനായി നിർബന്ധം ശക്തമായതോടെ ഓഗസ്റ്റ് മൂന്നിന് ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ചികിത്സകൾക്ക് ശേഷം ഓഗസ്റ്റ് 16നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.

ചിത്ര, അശ്വിനി, കാജല്‍, പ്രീതി, മുഗില എന്നീ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക ഉദേശ്യത്തോടെ ഇവർ നിരന്തരം സമീപിച്ചിരുന്നതായും യുവാവ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് വഴങ്ങാതെ വന്നതോടെയാണ് വേഗത്തില്‍ പണം സമ്പാദിക്കാന്‍ ഭിക്ഷയെടുത്താല്‍ മതിയെന്ന് പറഞ്ഞും പ്രലോഭിപ്പിച്ചും രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top