India

എംപോക്സ് പാകിസ്താനില്‍ എത്തി; രോഗബാധ യുഎഇയിൽ നിന്ന് എത്തിയവര്‍ക്ക്

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ പാകിസ്താനിൽ എംപോക്സ് (മങ്കി പോക്സ്) രോഗബാധ സ്ഥിരീകരിച്ചു. ഖൈബർ പഷ്തൂണില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടർന് പ്രാദേശിക ഭരണകൂടത്തിന്‌ അധികൃതർ ജാഗ്രതാ നിർദേശം നൽകി. രോഗം റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് പാകിസ്താൻ. കഴിഞ്ഞ ദിവസം യൂറോപ്യൻ രാജ്യമായ സ്വീഡനിലും രോഗബാധ കണ്ടെത്തിയിരുന്നു.

യുഎഇയിൽ നിന്ന് രാജ്യത്തെത്തിയ മൂന്ന് പേർക്കാണ് പാകിസ്താനില്‍ രോഗം പിടിപെട്ടിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയവരിൽ മങ്കിപോക്സിൻ്റെ ലക്ഷണം കണ്ടതിൻ്റെ അടിസ്ഥാനത്തിൽ സ്രവങ്ങൾ പരിശോധിച്ചപ്പോഴാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. എന്നാൽ ഇവരെ ബാധിച്ചത് ഏത് വകഭേദം ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള വിശദമായ പരിശോധനകൾ നടത്തുകയാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം 116 രാജ്യങ്ങളിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളിൽ 2022 മുതൽ 99,176 പേർക്ക് രോഗം ബാധിക്കുകയും 208 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലും അയൽ രാജ്യങ്ങളിലും വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

2022ൽ ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സംസ്ഥാനത്ത് അഞ്ച് പേരിലും രോഗബാധ കണ്ടെത്തി. രണ്ടു കൊല്ലം മുമ്പ് ഇന്ത്യയിൽ 27 പേർക്ക് രോഗം പിടിപെട്ടതായും ഒരാള്‍ മരിച്ചതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്ത് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം മുമ്പ് ഇന്ത്യയിലും ഇപ്പോൾ പാകിസ്താനിലും രോഗബാധ ഉണ്ടായവർക്ക് അത് സ്ഥിരീകരിച്ചത് യുഎഇയിൽ നിന്ന് എത്തിയപ്പോഴാണ്. അതുകൊണ്ട് തന്നെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത അനിവാര്യമാകും. എന്നാൽ നിലവിൽ അത്തരം പരിശോധനകളൊന്നും വിമാനത്താവളങ്ങളിൽ തുടങ്ങിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top