ഉത്തരാഖണ്ഡിൽ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോയ നഴ്സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ഉത്തർപ്രദേശ് ബറേലി സ്വദേശി ധർമേന്ദ്ര കുമാറാണ് അറസ്റ്റിലായത്. ഉദ്ദം സിംഗ് നഗറിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ജോലി കഴിഞ്ഞ് ജൂൺ 30 ന് വീട്ടിലേക്ക് പോകുന്ന യുവതിയെ പ്രതി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.
തൊട്ടടുത്ത ദിവസം നഴ്സ് വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരി പോലീസിൽ പരാതി നൽകുകയായിരുന്നു. ഉത്തർപ്രദേശിലെ റാംപൂരിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം യുവതിയുടെ മൃതദേഹം കണ്ടെത്തി. മയക്കുമരുന്നിന് അടിമയായ പ്രതി കൊലപാതകത്തിന് ശേഷം യുവതിയുടെ സാധനങ്ങൾ എടുത്ത് രക്ഷപ്പെടുക ആയിരുന്നു.
നഴ്സിൻ്റെ ഫോണും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒന്നര മാസങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. ഫോണിൻ്റെ ടവർ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി എവിടെയാണെന്ന് പോലീസ് കണ്ടെത്തിയത്. രാജസ്ഥാനിൽ നിന്നാണ് ധർമേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തത്.