ഒന്നര പതിറ്റാണ്ടായി സംഘടനയുടെ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ആർ.ചന്ദ്രശേഖരനെതിരെ ഐൻടിയുസിയിൽ കലാപക്കൊടി. അഴിമതിക്കാരനായ സംസ്ഥാന പ്രസിഡൻ്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുതിർന്ന നേതാക്കൾ സംഘടനയുടെ ദേശീയ അധ്യക്ഷൻ ജി.സഞ്ജീവ റെഡ്ഢിയെ നേരിൽക്കണ്ട് കത്ത് നൽകി. തോട്ടണ്ടി ഇറക്കുമതിക്കേസിൽ ആരോപണ വിധേയനായ മുൻ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ചന്ദ്രശേഖരനെ വിചാരണ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ആവശ്യം.
ഐൻടിയുസിയുടെ സീനിയർ ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബു, ദേശീയ സെക്രട്ടറി കെ.പി.ഹരിദാസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങായ കെ.എം.ഉമ്മർ, സിബിക്കുട്ടി ഫ്രാൻസിസ്, ആറ്റിങ്ങൽ അജിത്ത് എന്നിവരാണ് ദേശിയ പ്രസിഡൻ്റിനെ കണ്ടത്. കോടതി വിധി ഉൾപ്പെടെ ചന്ദ്രശേഖരൻ അഴിമക്കാരനാണ് എന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ റെഡ്ഢിക്ക് നൽകിയെന്നും നടപടി എടുക്കാമെന്ന് ദേശീയ നേതൃത്വം ഉറപ്പു നൽകിയതായും കെ.സുരേഷ് ബാബു പറഞ്ഞു.
“ഐഎൻടിയുസിയുടെ 299-ാം വർക്കിംഗ് കമ്മിറ്റി അഴിമതിക്കാരെ സംഘടനാ ചുമതലകളിൽ നിന്നും മാറ്റണം എന്ന തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം നടപ്പാക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ചന്ദ്രശേഖരന് എതിരായ കോടതി ഉത്തരവിൻ്റെ പകർപ്പും കെ.പി.ഹരിദാസിനും മറ്റ് മൂന്ന് നേതാക്കൾക്കുമൊപ്പം ഹൈദരാബാദിലെത്തി ദേശീയ അധ്യക്ഷന്‍ കൈമാറി. സംസ്ഥാന പ്രസിഡൻ്റിനോട് വിശദീകരണം ഉടൻ ചോദിക്കുമെന്നാണ് പ്രതീക്ഷ” – കെ.സുരേഷ് ബാബു പറഞ്ഞു.
വ്യവസായ – തൊഴിൽ മേഖലകളിൽ പ്രതിസന്ധി രൂക്ഷമായ സമയത്ത് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധ സമരം പോലും സംഘടിപ്പിക്കാൻ ഐഎൻടിയുസിയുടെ സംസ്ഥാന നേതൃത്വം തയ്യാറാവുന്നില്ല എന്ന പരാതിയും നേതാക്കൾക്കുണ്ട്. ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ യൂണിയനുകളുടെ നേതാക്കളെ ഉൾപ്പെടുത്തി രൂപീകരിച്ച സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റിയും നേതൃമാറ്റം ആവശ്യപ്പെടുന്നു. സംഘടനയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ തുടർന്ന് മാതൃസംഘടയായ കോൺഗ്രസ് നേതൃത്വത്തിനെതിരെ സ്വീകരിക്കുന്ന നിലപാടുകളിലും നേതാക്കൾക്ക് അമർഷമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും സംഘടനയുടെ സംസ്ഥാന അധ്യക്ഷനും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് സർക്കാരിനെതിരെ ഐഎൻടിയുസി നിലപാട് സ്വീകരിക്കാത്തതിന് പിന്നിലെന്നാണ് നേതാക്കളുടെ ആരോപണം. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മ ചന്ദ്രശേഖരനെ വിചാരണ ചെയ്യാനുള്ള നടപടികൾക്ക് ഉത്തരവിട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആ നന്ദിയാണ് സംസ്ഥാന പ്രസിഡന്റ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ നിശബ്ദനാകുന്നതിന് പിന്നിലെന്ന് നേതാക്കൾ പറഞ്ഞു