Kerala

പത്തനംതിട്ടയിലെ ‘കാപ്പ’ വിപ്ലവം; സിപിഎമ്മിലേക്ക് എത്തിയ ക്രിമിനല്‍ സംഘം തലവേദന ആകുന്നതിന്റെ ആദ്യ സൂചനകള്‍

ഇക്കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 3) പത്തനംതിട്ട മലയാലപ്പുഴ പോലീസ് സ്റ്റേഷന് സമീപത്ത് വൈകുന്നേരം നടുറോഡില്‍ കേക്ക് മുറിച്ച് ഒരു പിറന്നാള്‍ ആഘോഷം നടന്നു. സിപിഎമ്മില്‍ അടുത്ത കാലത്ത് ചേര്‍ന്ന ഇഡ്ഡലി ശരണ്‍ ചന്ദ്രനെന്ന കാപ്പ കേസ് പ്രതിയും സംഘവുമാണ് പൊതുഗതാഗതം തടസപ്പെടുത്തി കാപ്പ എന്നെഴുതിയ കേക്ക് മുറിച്ച് പിറന്നാളാഘോഷം നടത്തിയത്. എസ്എഫ്‌ഐക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി സുധീഷ് കുമാറും കൂട്ടത്തില്‍ ഉണ്ടായിരുന്നു. സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് പാര്‍ട്ടിയുടെ ലേബലില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത്. പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത ഇവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ അമിത പ്രാധാന്യം നല്‍കുന്നതിന്റെ കാരണം എന്തെന്ന് നേതൃത്വം വിശദീകരിക്കാന്‍ തയാറാവുന്നില്ല.

1982ല്‍ പത്തനംതിട്ട ജില്ല രൂപീകൃതമായ ശേഷം മൂന്ന് പതിറ്റാണ്ടോളം കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു ജില്ലയിലെ മിക്ക നിയമസഭാ മണ്ഡലങ്ങളും. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും സ്വഭാവശുദ്ധിയുള്ള നേതാക്കളുടെ പിന്‍ബലത്തിലും ജില്ലയിലെ അഞ്ച് അസംബ്‌ളി മണ്ഡലങ്ങളും ഭൂരിപക്ഷം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഭരിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളും ഇടതുമുന്നണി പിടിച്ചെടുത്തു.

എന്നാല്‍ 2019ലും 2024ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ സ്ഥാനാത്ഥികള്‍ രണ്ടുവട്ടവും പത്തനംതിട്ട മണ്ഡലത്തില്‍ തോറ്റു തുന്നംപാടി. തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളിലും ഉണ്ടായ പരാജയത്തിന്റെ കാരണത്തെക്കുറിച്ച് കാര്യമായ പരിശോധനയൊന്നും ഉണ്ടായിട്ടില്ല. പകരം പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നിലയിലേക്കാണ് സമീപകാല ഇടപാടുകള്‍ പാര്‍ട്ടിയെ കൊണ്ടെത്തിക്കുന്നത്. പാര്‍ട്ടിക്ക് തരക്കേടില്ലാത്ത വളര്‍ച്ചയും സ്വാധീനവും ഉള്ളപ്പോള്‍ എന്തിനാണ് അറിയപ്പെടുന്ന ഒരുസംഘം ക്രിമിനല്‍ക്കേസ് പ്രതികളെ പാര്‍ട്ടിയിലേക്ക് ആനയിച്ചു കൊണ്ടുവരുന്നത് എന്നാണ് ഒരു വിഭാഗം അനുഭാവികളും പ്രവര്‍ത്തകരും ഒരുപോലെ ചോദിക്കുന്നത്.

കഴിഞ്ഞ മാസം അഞ്ചിനാണ് ആര്‍എസ്എസുകാരായ 62പേര്‍ ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ജില്ലാ സെക്രട്ടറി കെപി ഉദയഭാനു എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സിപിഎമ്മിന്റെ പാരമ്പര്യവും ഭരണഘടനയും അനുസരിച്ച് കൃത്യമായ നടപടിക്രമങ്ങളിലൂടെ മാത്രമാണ് ഒരാളെ പാര്‍ട്ടി അംഗത്വത്തിലേക്ക് പ്രവേശിപ്പിക്കുക. ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരെയാണ് പാര്‍ട്ടി ഹാരമണിയിച്ച് സ്വീകരിക്കുന്നത്. പാര്‍ട്ടി നിഷ്‌കര്‍ഷിക്കുന്ന വ്യക്തിശുദ്ധിയും സുതാര്യതയും ഇവരുടെ കാര്യത്തില്‍ വേണ്ടേ എന്നാണ് സാധാരണക്കാരായ അനുയായികള്‍ ചോദിക്കുന്നത്.

പാര്‍ട്ടി ഭരണഘടനയില്‍ അംഗത്വം നല്‍കുന്നത് വിശദീകരിക്കുന്ന ഭാഗമിങ്ങനെയാണ് – ‘രണ്ട് പാര്‍ട്ടി അംഗങ്ങളുടെ ശുപാര്‍ശയില്‍ വ്യക്തിഗത അപേക്ഷയിലൂടെ പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കുന്നു. ഒരു അപേക്ഷകനെ ശുപാര്‍ശ ചെയ്യുന്ന പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടി ബ്രാഞ്ച് അല്ലെങ്കില്‍ ബന്ധപ്പെട്ട യൂണിറ്റ്, അപേക്ഷകനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വ്യക്തിപരമായ അറിവില്‍ നിന്നും, ഉത്തരവാദിത്ത ബോധത്തോടെയും നല്‍കണം. അപേക്ഷകനെ പ്രവേശിപ്പിക്കണമെങ്കില്‍ പാര്‍ട്ടി ബ്രാഞ്ച് അടുത്ത ഉന്നത കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കും. അടുത്ത ഉന്നതസമിതി എല്ലാ ശുപാര്‍ശകളിലും തീരുമാനമെടുക്കും’.

സാങ്കേതികമായി ഈ 62 പേര്‍ക്കും അംഗത്വം നല്‍കിയിട്ടില്ലെങ്കിലും ഇത്രയേറെ വിമര്‍ശനം ഉണ്ടായിട്ടും അവരെ പാര്‍ട്ടിയോട് ചേര്‍ത്തു നിര്‍ത്തുന്നത് എന്തിനു വേണ്ടിയാണ് എന്ന ചോദ്യം പോലും പാര്‍ട്ടിക്കുള്ളില്‍ അനുവദിക്കുന്നില്ല എന്നാണ് വിമര്‍ശകരുടെ പരാതി. പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ ഇനിമുതല്‍ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കും എന്നാണ് ശരണ്‍ ചന്ദ്രനെ മാലയിട്ട് സ്വീകരിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഇങ്ങനെ യാതൊരു മാനദണ്ഡവുമില്ലാതെ അനുഭാവിയായി പോലും ചേര്‍ക്കുന്നത് അപകടം ചെയ്യുമെന്നാണ് പാര്‍ട്ടിക്കുളളിലെ പ്രധാന വിമര്‍ശനം. പക്ഷേ നിലവിലെ നേതൃത്വം ഈ വിമര്‍ശനങ്ങളെ പരമ പുച്ഛത്തോടെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

വധശ്രമവും സ്ത്രീകളെ ഉപദ്രവിച്ചതും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ ‘ഇഡ്ഡലി’ എന്നു വിളിപ്പേരുള്ള ശരണ്‍ ചന്ദ്രന്‍ കഴിഞ്ഞ ജൂണ്‍ 23നാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ശരണ്‍ ചന്ദ്രന്റെ ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരെ വേണ്ടത്ര ആലോചന ഇല്ലാതെയാണ് പാര്‍ട്ടിയിലേക്ക് പ്രവേശിപ്പിച്ചത് എന്ന വിമര്‍ശനത്തിന് തൃപ്തികരമായ മറുപടിയൊന്നും നേതൃത്വം പറയുന്നില്ല. പാര്‍ട്ടി അംഗം പോലുമാകാത്തവരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട എന്നാണ് സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചത്. ഇവരുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടി ഘടകങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിർദേശവും കീഴ്ഘടകങ്ങള്‍ക്ക് ജില്ലാ നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.

തിരുവല്ലയില്‍ പീഡനക്കേസ് പ്രതിയെ സിപിഎമ്മില്‍ തിരിച്ചെടുത്തതിന് എതിരെ ഉയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെ ആ നടപടി റദ്ദു ചെയ്തു. ഒരുവശത്ത് പാര്‍ട്ടി അംഗങ്ങള്‍ ഉദാത്തമായ ജീവിത ശൈലികള്‍ പുലര്‍ത്തണമെന്ന് നിര്‍ബന്ധം പിടിക്കുകയും, മറുവശത്ത് കൂടി ക്രിമിനലുകളെ പാര്‍ട്ടിയുടെ പൂമുഖത്തേക്ക് ആനയിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് പത്തനംതിട്ടയിലെ സിപിഎമ്മില്‍ നടക്കുന്നതെന്നാണ് ഉയരുന്ന വിമർശനം.

ക്രിമിനലുകളെ പ്രവേശിപ്പിച്ചതിനെ സംബന്ധിച്ച വിമര്‍ശനം തണുപ്പിക്കാനെന്ന മട്ടില്‍ പണ്ടെന്നോ ചെയ്ത പാതകത്തിന്റെ പേരില്‍ തിരുവല്ല ഏരിയ കമ്മറ്റി സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയെ കഴിഞ്ഞ ദിവസം ചുമതലകളില്‍ നിന്നൊഴിവാക്കി. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കടപ്ര ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണിപ്പോള്‍ പൊടിതട്ടിയെടുത്ത് ശിക്ഷ വിധിച്ചത്. കാപ്പാ സംഭവത്തില്‍ മൗനം പാലിച്ച ജില്ലാ നേതൃത്വമാണ് ഇവിടെ പാര്‍ട്ടി അച്ചടക്കത്തിന്റെ വാള്‍ വീശിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top