തിരുവനന്തപുരം: നവകേരള സദസ്സിന് പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാൻ സർക്കാർ ചെലവഴിച്ചത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റാണ് അച്ചടി നിർവഹിച്ചത്.
കഴിഞ്ഞ മേയിൽ 1.68 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി തുക ഉടൻ വേണമെന്നാവശ്യപ്പെട്ടു സി ആപ്റ്റ് കത്തു നൽകിയതിനു പിന്നാലെയാണ് 7.47 കോടി രൂപ കൂടി സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന സർക്കാരിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി നവകേരള സദസ് നടത്തിയത്. 2023 നവംബർ 18 ന് ആരംഭിച്ച നവകേരള സദസ്സ് 36 ദിവസം നീണ്ടുനിന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒന്നരക്കോടി ചെലവിട്ടു പുതിയ ബസ് വാങ്ങിയതും വലിയ ചർച്ചയായിരുന്നു.