പത്തനംതിട്ട: നടുറോഡിൽ കാപ്പ കേസ് പ്രതിയുടെ ജന്മദിനാഘോഷം. പത്തനംതിട്ടയിൽ സിപിഐഎമ്മിൽ ചേർന്ന കാപ്പ കേസ് പ്രതി മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് മലയാലപ്പുഴ പഴയ പൊലീസ് സ്റ്റേഷന് സമീപം തെരുവ് വിളക്കിന്റെ പ്രകാശത്തിലായിരുന്നു ജന്മദിനാഘോഷം. വാഹനത്തിൻ്റെ ബോണറ്റിൽ വെച്ച് കാപ്പ എന്നെഴുതിയ കേക്കുമുറിച്ചായിരുന്നു ആഘോഷപരിപാടി. ശരൺ ചന്ദ്രനെ സിപിഐഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു.
കാപ്പ 15(3) പ്രകാരം അറസ്റ്റിലായി റിമാന്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം വെട്ടിലായിരുന്നു. ശരണ്‍ ചന്ദ്രനടക്കം 60 പേര്‍ക്കാണ് കുമ്പഴയിലെ സ്വീകരണ യോഗത്തില്‍ പാര്‍ട്ടി അംഗത്വം നല്‍കിയത്. ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ മന്ത്രി വീണാ ജോര്‍ജും പാര്‍ട്ടി ജില്ലാ നേതൃത്വവും ചേർന്നാണ് മാലയിട്ട് സ്വീകരിച്ചത്. പത്തനംതിട്ട കുമ്പഴയിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.