ഷെയ്ഖ് ഹസീനയുടെ രാജ്യം വിടലിന് ശേഷവും ബംഗ്ലാദേശിൽ രാഷ്ട്രീയ അരാജകത്വം തുടരുന്നു. മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്റഫ് ബിൻ മൊർത്താസയുടെ വീട് പ്രക്ഷോഭകാരികൾ തീയിട്ട് നശിപ്പിച്ചു. പ്രധാമന്ത്രിയുടെ ഔദ്യോഗിക വസതിയും പ്രക്ഷോഭകർ കയ്യേറിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ പിതാവും 1972 ലെ ബംഗ്ലാ വിമോചന നായകനും ആദ്യ പ്രസിഡൻ്റുമായ മുജീബുർ റഹ്മാൻ്റെ വീടും കലാപകാരികൾ തീയിട്ടു നശിപ്പിച്ചു.
ഖുൽന ഡിവിഷനിലെ നരെയിൽ 2 മണ്ഡലത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമാണ് മഷ്റഫ് മൊർത്താസ. 2018ൽ ഹസീനയുടെ പാർട്ടിയായ അവാമി ലീഗിലൂടെ രാഷ്ട്രീയത്തിലെത്തിയ താരം തുടർച്ചയായി രണ്ട് തവണ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും കൂടുതൽ ക്രിക്കറ്റ് മത്സരങ്ങളിൽ ബംഗ്ലാദേശിനെ നയിച്ച ക്യാപ്റ്റൻ എന്ന റെക്കോഡ് മൊർത്താസയുടെ പേരിലാണ്. വിവിധ ക്രിക്കറ്റ് ഫോർമാറ്റുകളിലായി 117 അന്താരാഷ്ട്ര മത്സരങ്ങളിലാണ് താരം രാജ്യത്തെ നയിച്ചത്. 36 ടെസ്റ്റുകളിലും 220 ഏകദിനങ്ങളിലും 54 ടി20യിലുമായി 390 അന്താരാഷ്ട്ര വിക്കറ്റുകളും 2,955 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.
ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്താൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി പദം രാജിവെച്ച് ഷെയ്ഖ് ഹസീന പലായനം ചെയ്തത്. 1972 ലെ ബംഗ്ലാ വിമോചനത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് 30 ശതമാനം സംവരണം നൽകാനുള്ള തീരുമാനമാണ് രാജ്യത്തെ കലാപത്തിലേക്ക് നയിച്ചത്.
സർക്കാർ തീരുമാനത്തിനെതിരെ കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. രാജ്യം വിട്ട് ഇന്ത്യയിലേക്ക് കടന്ന ഹസീന ഡൽഹിയിൽ തുടരുകയാണ്. ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയില്ലെങ്കിൽ ലണ്ടനിലേക്ക് കടക്കാനാണ് ഹസീനയുടെ പദ്ധതിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.