ബെയ്‌ലി പാലം വഴി ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം തിങ്കളാഴ്ച മുതൽ രാവിലെ ആറു തൊട്ട് ഒമ്പത് വരെ നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. കൂടുതൽ ആളുകൾ എത്തുന്നത് തിരച്ചിലിനും മറ്റ് പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപെടുത്തിയത്. കാണാതായവരുടെ പട്ടിക തയാറാക്കുന്നതും പ്രധാന ദൗത്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
ഉരുൾ പൊട്ടൽ പ്രദേശങ്ങളായ മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം ഏഴാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ചാലിയാറിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം തിരിച്ചറിയാനായി കൂടുതൽ സ്ഥലങ്ങളിൽ ഐബോഡ് പരിശോധന നടത്തും.