ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്കി. സന്തോഷ് കുമാര്‍ എം പി യാണ് നോട്ടീസ് നല്‍കിയത്. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് മാധ്യമങ്ങള്‍ വസ്തുതകള്‍ നിരത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതില്‍ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, ദ്വിഗ് വിജയ് സിങ്, പ്രമോദ് തിവാരി എന്നിവരും ഇതേ വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.