ന്യൂഡല്‍ഹി: ബുധനാഴ്ച ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ ചോര്‍ന്ന് ഒലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം. നിര്‍മിച്ച് ഒരു വര്‍ഷമായപ്പോഴെക്കുമാണ് ഈ ദുരവസ്ഥ. വെള്ളം ചോര്‍ന്ന് ഒലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് വെള്ളം വീഴാതിരിക്കുന്നതിനായി നീല ബക്കറ്റ് വച്ചരിക്കുന്നതും അതിലേക്ക് വെള്ളം ഉറ്റിവീഴുന്നതും വീഡിയോയില്‍ കാണാം.
‘പുറത്ത് പേപ്പര്‍ ചോര്‍ച്ച, അകത്ത് വെള്ളം ചോര്‍ച്ച’- എന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോര്‍ എക്‌സില്‍ കുറിച്ചത്. ചോര്‍ച്ചയുടെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രസിഡന്റ് ഉപയോഗിക്കുന്ന ലോബിയിലെ ചോര്‍ച്ച പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തവിഷയങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. അതും പണിപൂര്‍ത്തിയാക്കി ഒരു വര്‍ഷം മാത്രമാകുമ്പോള്‍’ – അദ്ദേഹം എക്‌സില്‍ കുരിച്ചു
ശതകോടികള്‍ ചെലവാക്കി ബിജെപി നിര്‍മ്മിച്ച മന്ദിരം ചോര്‍ന്നൊലിക്കുന്നതില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. പഴയ പാര്‍ലമെന്റാണ് പുതിയ പാര്‍ലമെന്റിനേക്കാള്‍ മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘പഴയ പാര്‍ലമെന്റ് മന്ദിരം ഇതിലും നല്ലതായിരുന്നു, എന്തുകൊണ്ട് അങ്ങോട്ട് പൊയ്ക്കൂടാ. ശതകോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റിലെ ജലചോര്‍ച്ചാ പദ്ധതി അവസാനിക്കുന്നതുവരെയെങ്കിലും അവിടെ തുടരാമല്ലോ’-എക്‌സില്‍ കുറിച്ചു. ബിജെപി സര്‍ക്കാര്‍ പണിത എല്ലാ കെട്ടിടങ്ങളും ചോര്‍ന്നൊലിക്കുന്നത് അവരുടെ വളരെ മികച്ച ഡിസൈന്റെ ഭാഗമാണോ എന്നാണ് പൊതുജനം ചോദിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.