ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ പഠിക്കാന്‍ യോഗ്യത നേടുന്നതിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി വഴിയുള്ള പ്രവേശനത്തിന് ശേഷവും ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ കേന്ദ്രസര്‍വകലാശാലകള്‍ക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്തുകയോ യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയോ ചെയ്യാമെന്ന് യുജിസി.
ഒരു അധ്യയന വര്‍ഷം മുഴുവന്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് വിഭവങ്ങള്‍ പാഴാക്കുക മാത്രമല്ല, കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതിന് തുല്യമാണെന്നും യുജിസി വിശദീകരിച്ചു.
എന്നാലും സിയുഇടി സ്‌കോറുകള്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള പ്രാഥമിക മാനദണ്ഡമായി തുടരും.’മൂന്നോ നാലോ റൗണ്ട് കൗണ്‍സലിങ്ങിനു ശേഷവും ചില കേന്ദ്രസര്‍വകലാശാലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായി യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു അധ്യയന വര്‍ഷം മുഴുവന്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് വിഭവങ്ങളുടെ പാഴാക്കല്‍ മാത്രമല്ല, കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതിന് തുല്യവുമാണ്’- യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ പറഞ്ഞു.