Kerala

മുഖ്യമന്ത്രി പറഞ്ഞത് ശരിവെച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വയനാട് ദുരന്തത്തിൽ അമിത് ഷായുടെ ആരോപണം തള്ളി ഐഎംഡി മേധാവി

വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് ഏഴുദിവസം മുമ്പ് പ്രകൃതിക്ഷോഭ സാധ്യതാ മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം തള്ളി കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി ) മേധാവി മൃത്യുഞ്ജയ് മൊഹപത്ര. വയനാട്ടിൽ റെഡ് അലർട്ട് നൽകിയത് ദുരന്തമുണ്ടായ ജൂലൈ 30ന് പുലർച്ചെയാണ് എന്നാണ് മൊഹപത്രയുടെ സ്ഥിരീകരണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയത് മഴമുന്നറിയിപ്പ് മാത്രമാണെന്നും റെഡ് അലർട്ട് നൽകിയത് ദുരന്തമുണ്ടായ ദിവസം രാവിലെ ആറ് മണിക്കാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ശരിവെക്കുന്നതാണ് ഐഎംഡി മേധാവിയുടെ വെളിപ്പെടുത്തൽ.

ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുകൾ ജൂലൈ 18നും 25നുമിടയിൽ കേരളത്തിന് പലതവണ നൽകിയിരുന്നെന്ന് മൊഹപത്ര വ്യക്തമാക്കി. ഓറഞ്ച് അലർട്ട് നൽകുന്നതുതന്നെ തയ്യാറെടുപ്പുകളോടെ കരുതിയിരിക്കാനാണെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമാനമായ മുന്നറിയിപ്പാണ് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നല്‍കിയിരുന്നതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി പറഞ്ഞു.

വയനാട്ടിലടക്കം കനത്തമഴയും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേരളത്തിന് നൽകിയ മുന്നറിയിപ്പ് അവഗണിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം അമിത് ഷാ പാർലമെൻ്റിൽ പറഞ്ഞത്. ജൂലൈ 23ന് തന്നെ ആദ്യ മുന്നറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നു. കനത്തമഴയും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. തുടര്‍ന്നുളള ദിവസങ്ങളിലും മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയും അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം ഒന്നും ചെയ്തില്ല. കേന്ദ്രം നിര്‍ദേശിച്ച തരത്തിലുളള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രയും ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുളള കാര്യങ്ങളില്‍ വലിയ വീഴ്ചയാണ് ഉണ്ടായതെന്നുമായിരുന്നു അമിത്ഷായുടെ ആരോപണം.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത് കാലാവസ്ഥ മുന്നറിയിപ്പ് മാത്രമാണ് എന്നായിരുന്നു ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഈ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ജലകമ്മീഷനും ഇരുവഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top