മുംബൈ വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ അമേരിക്കൻ വനിതയെ കണ്ടെത്തിയ സംഭവത്തിൽ മുൻ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതി എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സോനുർലി ഗ്രാമത്തിലെ വനത്തിൽ ഇരുമ്പ് ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം മുൻ ഭർത്താവ് കടന്നുകളഞ്ഞതായി യുവതിയുടെ കുറിപ്പിൽ പറയുന്നു.
മഹാരാഷ്ട്ര സിന്ധുദുർഗ് ജില്ലയിലെ വനത്തിനുള്ളിലെ സോനുർലി ഗ്രാമത്തിൽ നിന്നാണ് ലളിത കായി എന്നു പേരുള്ള 50 വയസുകാരിയെ പോലീസാണ് രക്ഷിച്ചത്. ശനിയാഴ്ച വൈകീട്ടാണ് വനത്തിനുള്ളിൽ പ്രദേശവാസിയായ യുവാവ് സ്ത്രീയുടെ കരച്ചിൽ കേട്ടത്. ചങ്ങലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അവശനിലയിലായ സ്ത്രീയെ ആദ്യം സിന്ധുദുർഗിലെ ആശുപത്രിയിലും പിന്നീട് ഗോവയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യുഎസ് പാസ്പോർട്ടിന്റെ ഫോട്ടോകോപ്പിയും തമിഴ്നാട് വിലാസമുള്ള ആധാർ കാർഡ് ഉൾപ്പെടെയുള്ള മറ്റ് രേഖകളും ഇവരിൽ നിന്ന് കണ്ടെടുത്തു. സ്ത്രീയുടെ വിസയുടെ കാലാവധി കഴിഞ്ഞെന്നും കഴിഞ്ഞ 10 വർഷമായി അവൾ ഇന്ത്യയിലാണെന്നും പോലീസ് പറഞ്ഞു.
യുവതിയുടെ മൊഴി ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ന്ധുദുർഗ് ജില്ലയിലെ എസ്പി സൗരഭ് അഗർവാൾ വ്യക്തമാക്കി. മുൻ ഭർത്താവാണ് തന്നെ കെട്ടിയിട്ടതെന്ന സ്ത്രീയുടെ അവകാശവാദവും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് ഇവരുടെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്ത മരുന്നിന്റെ കുറിപ്പടികളിൽനിന്നും മനസിലാക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.