ഇന്നലെ കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ദയനീയമായ കാഴ്ചകളാണ് വയനാട്ടിൽ നിന്നും പുറത്തേക്ക് വരുന്നത്. തീരാനോവായ ഈ ദുരന്തം നടന്നതിന്റെ തൊട്ടടുത്ത ദിവസമായ ഇന്ന് മലയാളത്തിലെ 5 പത്രങ്ങൾ ഇറങ്ങിയത് ഒരേ തലക്കെട്ടിൽ,ഉള്ളുപൊട്ടി എന്ന ഒരേ തലക്കെട്ടിൽ ദുരന്തത്തേ വിശേഷിപ്പിച്ചു. ദുരന്തത്തിലേ റിപോർട്ടിങ്ങിലെ അച്ചടി മാധ്യമങ്ങളുടെ ഐക്യവും യോജിച്ച വിലയിരുത്തലും വ്യത്യസ്തമായി.
അതേ സമയം ഉരുൾ പൊട്ടലുണ്ടായ വയനാട്ടിൽ മരണം 153 ആയി. മരണസംഖ്യ നിയും ഉയരുമെന്നാണ് സൂചന. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദുരന്തത്തിൽ പോത്തുകല്ലിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 59 മൃതദേഹങ്ങളാണ്. ഉരുൾ പൊട്ടലിൽ മരിച്ച 143 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. നിലമ്പൂരിൽ 31 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടവും പൂർത്തിയായിട്ടുണ്ട്.വൈത്തിരിയിൽ 30 മൃതദേഹങ്ങൾ വെയ്ക്കാനുള്ള ഹാൾ സജ്ജമാക്കി. ഇവിടെ നിന്നും തിരിച്ചറിയുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. ഉരുൾപൊട്ടലിൽ മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ ഒലിച്ചുപോയ നിലയിലാണ്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഒറ്റപ്പെട്ടു പോയ അട്ടമലയിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു തുടങ്ങി.