മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ കബളിപ്പിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍. വിവാഹത്തിന് ശേഷം സ്ത്രീകളുടെ പക്കല്‍ ഉണ്ടായിരുന്ന പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത കേസില്‍ 43കാരനാണ് പിടിയിലായത്.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. വിവാഹ തട്ടിപ്പുവീരനായ ഫിറോസ് നിയാസ് ഷെയ്ക്ക് ആണ് പൊലീസിന്റെ വലയിലായത്. നല സോപാരയില്‍ നിന്നുള്ള ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്ന് വസായ്-വിരാര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മാട്രിമോണിയല്‍ വെബ്സൈറ്റുകളിലൂടെ വിവാഹമോചിതരെയും വിധവകളെയുമാണ് ഷെയ്ക്ക് ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറയുന്നു.
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു ഇയാള്‍ വിവാഹം കഴിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. കല്യാണത്തിന് പിന്നാലെ സ്ത്രീകളുടെ വിശ്വാസം നേടിയെടുത്ത ശേഷം പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളുമായി ഇയാള്‍ കടന്നുകളയുന്നതായിരുന്നു പതിവ് രീതിയെന്നും പൊലീസ് വിശദീകരിച്ചു.