വെജിനു പകരം നോൺ വെജ് ഭക്ഷണം അബദ്ധത്തിൽ വിളമ്പിയതിന് വെയിറ്ററെ മർദിച്ച് യാത്രക്കാരൻ. ഹൗറ-റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ജൂലൈ 26നായിരുന്നു സംഭവം. തുടർന്നുണ്ടായ വാക്കുതർക്കങ്ങളുടെ വീഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഇപ്പോൾ വിഷയം പുറത്തറിയുന്നത്.
ട്രെയിനിലെ യാത്രക്കാരനായ വയോധികൻ വെജിറ്റേറിയൻ ഭക്ഷണമാണ് ഓർഡർ ചെയ്തിരുന്നത്. എന്നാൽ, വെയിറ്റർ അബദ്ധത്തിൽ നോൺ വെജ് ഭക്ഷണമാണ് എത്തിച്ചത്. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് നോൺ വെജ് ആണെന്ന് യാത്രക്കാരന് മനസിലായത്. ഇതോടെ കുപിതനായ യാത്രക്കാരൻ വെയിറ്ററെ രണ്ടു തവണ അടിക്കുകയായിരുന്നു.
ഭക്ഷണ പാക്കറ്റിന്റെ മുകളിൽ നോൺ വെജ് എന്നെഴുതിയിരുന്നത് ശ്രദ്ധിക്കാതെയാണ് വയോധികൻ കഴിച്ചത്. വെയിറ്റർ മാപ്പു പറഞ്ഞെങ്കിലും വയോധികൻ ചെവി കൊണ്ടില്ല. പിന്നാലെ, സഹയാത്രക്കാർ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. വെയിറ്ററോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതിന്റെ വീഡിയോ ആണ് മൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.