കണ്ണൂര്‍ സിപിഎമ്മില്‍ യുവനേതാവ് മനു തോമസ് ചില നേതാക്കളുടെ വഴിപിഴച്ച പോക്കിനെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് തടിയൂരാന്‍ വഴി കണ്ടെത്താനാവാതെ കുഴങ്ങുന്നതിനിടയിലാണ് മുന്‍ എംഎല്‍എ സികെപി പത്മനാഭനും പാർട്ടിക്കെതിരെ സമാന ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ വിഭാഗീയതയുടെ ഇരയാണെന്ന സികെപിയുടെ തുറന്ന് പറച്ചില്‍ ഇപ്പോഴത്തെ നേതൃത്വത്തെ ആകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. പാര്‍ട്ടിക്കുള്ളിലെ ക്വട്ടേഷന്‍ – മാഫിയ ബന്ധമാണ് മനു തോമസ് വെളിപ്പെടുത്തിയത് എങ്കില്‍ സികെപി പറയുന്നത് വിഭാഗീയതയുടെ ആഴവും സാമ്പത്തിക ക്രമക്കേടുകളുമാണ്. എന്നാല്‍ ഈ ആരോപണങ്ങളോടെല്ലാം മൗനമാണ് സിപിഎമ്മിന്റെ മറുപടി. കണ്ണൂരിൽ ഇന്ന് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളുടെ മുന്നിൽ നിന്ന് ഒരുവാക്കും മിണ്ടാതെയാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മടങ്ങിയത്.
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പുകമറ സൃഷ്ടിച്ച് തന്നെ പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങള്‍ക്കിടയിലും അപമാനിതനാക്കിയെന്ന ഗുരുതരമായ ആരോപണമാണ് സികെപി പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 12 കൊല്ലം മുമ്പ് പാര്‍ട്ടി നടപടി നേരിട്ട് സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ സിപിഎമ്മിലെ ചിലരുടെ ജീര്‍ണത തുറന്ന് കാട്ടുന്നതാണ്. “പാര്‍ട്ടി നടപടി വന്നപ്പോള്‍ എനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായി എന്നാണ് രേഖകളില്‍ പറഞ്ഞിരുന്നത്. ശ്രദ്ധക്കുറവിന് നടപടിയെടുത്ത ചിരിത്രം സിപിഎമ്മിലുണ്ടോ?” സികെപി ചോദിക്കുന്നു. എന്നും ശരിയുടെ പക്ഷത്തുനിന്ന തന്നോട് പാര്‍ട്ടി നീതി കാണിച്ചില്ല. നടപടിക്കെതിരെ 15 വട്ടം പാര്‍ട്ടിക്ക് അപ്പീല്‍ കൊടുത്തിട്ടും മറുപടി പോലും നല്‍കിയില്ല. ടിപി ചന്ദ്രശേഖരന്‍ വധത്തിലൂടെ എന്താണോ ഇല്ലാതാക്കാന്‍ ശ്രമിച്ചത്, അത് വളര്‍ന്നതും പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയായിട്ടാണ് സികെപി വിലയിരുത്തുന്നത്.
ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരിക്കുന്ന പി ശശിക്കെതിരെ പരാതി നല്‍കിയ കാര്യവും സികെപി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വഭാവദൂഷ്യ ആരോപണങ്ങളുടെ പേരിലാണ് ശശിയെ 2011 ജൂലൈയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയ ശശിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ഉന്നത പദവിയില്‍ വീണ്ടും പ്രതിഷ്ഠിക്കുകയും ചെയ്തതിലെ അമര്‍ഷവും സികെപിയുടെ വിമര്‍ശനങ്ങളില്‍ തെളിയുന്നുണ്ട്. 12 വര്‍ഷം കഴിഞ്ഞിട്ടും തനിക്കെതിരെയുള്ള ശിക്ഷാനടപടി ഇന്നും അതേപടി തുടരുന്നതിലുള്ള അസ്വസ്ഥതയാണ് ചാനല്‍ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് കരയറാന്‍ പാടുപെടുന്നതിനിടെയാണ് ഈ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിന് തലവേദനയായി മാറുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാന്‍ ഏതാനം മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കയാണ് ശക്തികേന്ദ്രമായ കണ്ണൂരില്‍ നിന്ന് തന്നെ സിപിഎമ്മിന് വെല്ലുവിളികള്‍ ഉയരുന്നത്.
സികെപിയേയും മനുവിനെയും വിമര്‍ശിച്ചോ പിന്തുണച്ചോ നേതാക്കളാരും പരസ്യമായി രംഗത്ത് വന്നിട്ടില്ല. മനു തോമസ് പി .ജയരാജന്റെ ഗുണ്ടാബന്ധങ്ങളെക്കുറിച്ച് തുറന്നടിച്ചിട്ടും നേതാക്കളാരും ജയരാജനെ പിന്തുണച്ച് രംഗത്തുവന്നില്ല. സമാന അവസ്ഥയാണ് സികെപിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. കൂടുതല്‍ പ്രതികരിച്ച് വലുതാക്കേണ്ട എന്ന നിലപാടിലേക്ക് മാറാനാണ് സിപിഎം നേതൃത്വത്തിലെ ധാരണ. പാർട്ടിയിൽ പുതുതലമുറക്കാരനായ മനു തോമസിൻ്റെ ആരോപണങ്ങളെ അവഗണിക്കുന്നത്ര എളുപ്പമാകില്ല, വളരെ മുതിർന്ന നേതാവും തലശേരി മുൻ എംഎൽഎയും കൂടിയായ സികെപിക്ക് മറുപടി നൽകാതിരിക്കുന്നത്.
പാര്‍ട്ടിവിട്ടവരും നടപടി നേരിട്ടവരും ഉയര്‍ത്തുന്ന വെല്ലുവിളികളെ പഴയ രീതിയില്‍ സമീപിക്കാന്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിയാത്തതും സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്. മുൻ കാലങ്ങളില്‍ പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ സംഘടിതമായി എതിര്‍ക്കുകയും അവര്‍ക്കെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയുമായിരുന്നു പതിവ്. എന്നാല്‍ ഇന്നതിന് തുനിഞ്ഞാല്‍ മൂടിവെച്ചിരിക്കുന്നത് പലതും പലരും പുറത്തിടുമെന്ന ഭയം നേതൃത്വത്തെ ഭയപ്പെടുത്തുന്നുണ്ട്. കാരണം ഇപ്പോൾ പാർട്ടിക്കെതിരെ രംഗത്ത് വരുന്നതത്രയും പാർട്ടിക്ക് അത്രമേൽ വേണ്ടപ്പെട്ടവരാണ് എന്നതാണ് യാഥാർത്ഥ്യം.