Kerala

വീണ്ടും പെരുമഴ; വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത നാശം

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. കോഴിക്കോടിന്റെ മലയോരമേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. വയനാട് മേപ്പാടി മുണ്ടക്കൈയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ്. പുത്തുമല കശ്മീര്‍ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പാലക്കാട്, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം.

പെരുമഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ കനത്ത നാശമാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അമ്പായത്തോട് ചുഴലിക്കാറ്റില്‍ ഏഴു വീടുകള്‍ തകര്‍ന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top