ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമനകോഴ ആരോപണത്തില്‍ കുറ്റപത്രം നല്‍കി അന്വേഷണസംഘം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇടത് പാര്‍ട്ടികളുമായി ബന്ധമുണ്ടായിരുന്നവരാണ് കേസില്‍ പ്രതിയായിരിക്കുന്നത്. നാല് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.
മലപ്പുറം സ്വദേശിയായ എഐവൈഎഫ് മുന്‍ നേതാവ് ബാസിത്താണ് കേസിലെ ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുന്‍ എസ് എഫ് ഐ നേതാവുമായ ലെനിന്‍ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരുടെ ആസൂത്രണമാണ് കോഴ ആരോപണം കെട്ടിച്ചമച്ചതിന് പിന്നിലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
മലപ്പുറം സ്വദേശിയായ ഹരിദാസനാണ് കേസിലെ പരാതിക്കാരന്‍. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി മന്ത്രിയുടെ പിഎ അഖില്‍ മാത്യു സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് പണം വാങ്ങിയെന്ന് ഹരിദാസാണ് ആരോപിച്ചത്. എന്നാല്‍ ഹരിതാസ് പറഞ്ഞ തീയതിയില്‍ അഖില്‍ പത്തനംതിട്ടയിലായിരുന്നുവെന്ന് തെളിവുകള്‍ പുറത്തു വന്നു. ഇതോടെ ആരോഗ്യമന്ത്രിയുടെ ഓഫീസ് പോലീസില്‍ പരാതി നല്‍കി. പണം നല്‍കിയത് ബാസിത്തിനാണെന്നും ആരോപണം ഉന്നയിക്കാന്‍ പ്രേരിച്ചതും ബാസിത്തെന്നായിരുന്നു ഹരിദാസ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. പണം വാങ്ങിയ ശേഷം ഹരിദാസന്റെ മരുമകള്‍ക്ക് ഉടന്‍ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരില്‍ വ്യാജ ഈമെയില്‍ സന്ദേശം അയക്കുകയും പ്രതികള്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.