നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് അങ്ങേയറ്റം നിരാശാജനകമായ ബജറ്റെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുളളത്. അല്ലാതെ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ നിലനിര്‍ത്താനുള്ള ഒരു പ്രഖ്യാപനവും ഇല്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും കരുതിയുള്ള ബജറ്റാണ് വേണ്ടത്. എന്നാല്‍ മുന്നണിയെ താങ്ങി നിര്‍ത്തുന്ന പാര്‍ട്ടികളുടെ സംസ്ഥാനങ്ങള്‍ക്ക് വാരികോരി നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യാ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഭവമാണ് ഇതെന്നും മന്ത്രി പ്രതികരിച്ചു.
അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണ് അവതരിപ്പിച്ചത്. ന്യായമായ ഒരു ആവശ്യം പോലും പരിഗണിച്ചില്ല. അര്‍ഹമായ വിഹിതം പോലും അനുവദിച്ചിട്ടില്ല. രാഷ്ട്രീയ താല്പര്യം മാത്രമാണ് ബജറ്റിലുള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഈ തെറ്റായ നിലപാട് തിരുത്താന്‍ കേന്ദ്രം തയ്യാറാകണം. പ്രഖ്യാപനങ്ങളല്ലാതെ ഒന്നും ബജറ്റില്‍ ഇല്ല. പല മേഖലയിലും പദ്ധതി വിഹിതം വെട്ടികുറച്ചിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.