Kerala

ഇല്ലിക്കൽക്കല്ല്, ഇലവീഴാപൂഞ്ചിറയും ടൂറിസം മാപ്പിൽ ഉൾപ്പെടുത്തണമെന്ന് ഫ്രാൻസിസ് ജോർജ് എംപി യും ;മാണി സി കാപ്പൻ എം എൽ ആയും സുരേഷ് ഗോപിക്ക് നിവേദനം നൽകി

ന്യൂഡൽഹി. :-ഇല്ലിക്കൽക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ പ്രകൃതി രമണീയമായ സ്ഥലങ്ങളെ ടൂറിസം മാപ്പ് ഓഫ് ഇന്ത്യയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് മാണി സി.കാപ്പൻ എം.എൽ.എ നിവേദനം സമർപ്പിച്ചു . ഫ്രാൻസിസ് ജോർജ് എം.പി യും ഒപ്പമുണ്ടായിരുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തെയും പിൽഗ്രിം ടൂറിസം മാപ്പിൽ ഉൾപ്പെടുത്തണമെന്നും നിവേദനത്തിലുണ്ട്. ആയിരക്കണക്കിന് ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന വാഗമണ്ണിൽ നിന്നും യഥാക്രമം 11, 15 കിലോമീറ്ററുകൾ യാത്ര ചെയ്താൽ ഇല്ലിക്കൽക്കല്ലിലും ഇലവീഴാപൂഞ്ചിറയിലും എത്താൻ കഴിയും.

പാലാ നിയോജകമണ്ഡലത്തിലെ ഈ രണ്ട് സ്ഥലങ്ങളും ഹൈറേഞ്ച് ടൂറിസം പദ്ധതിയിൽപ്പെടുത്തിയാൽ കോട്ടയം ജില്ലക്ക് ആകമാനം വലിയ നേട്ടമാണുണ്ടാകുന്നത്. ലോക പ്രശസ്തമായ ബാക്ക് വാട്ടർ കേന്ദ്രമായ കുമരകം സന്ദർശിക്കുന്ന വിദേശികൾക്ക് സുഖകരമായ കാലാവസ്ഥയുള്ള ഈ പ്രദേശങ്ങളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള താമസ സൗകര്യങ്ങൾ ഒരുക്കിയാൽ ടൂറിസത്തിൻ്റെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഫ്രാൻസിസ് ജോർജും മാണി സി.കാപ്പനും മന്ത്രിയെ ബോദ്ധ്യപ്പെടുത്തി. നിയമസഭയിൽ മാണി സി.കാപ്പൻ്റെ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അനുകൂലമായി സംസാരിച്ച കാര്യവും എം.എൽ.എ ശ്രദ്ധയിൽപ്പെടുത്തി.

ഏഷ്യയിലെ ആദ്യ വിശുദ്ധയുടെ കബറിടവും ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പർശമേറ്റ ഇടപ്പാടി ക്ഷേത്രവും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രാമദ്ധ്യേ സന്ദർശിക്കാൻ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 3500 അടിയോളം ഉയരത്തിലുള്ള ഇല്ലിക്കൽ കല്ലിലും ഇലവീഴാപൂഞ്ചിറയിലും സിനിമ ഷൂട്ടിങ്ങിനുള്ള സാദ്ധ്യതകളും പ്രയോജനപ്പെടുത്താൻ കഴിയും. വിദേശികൾക്ക് ഇഷ്ടപ്പെടുന്ന കാലാവസ്ഥയുള്ളതു കൊണ്ട് വിദ്യാഭ്യാസം, ഐ.ടി സ്ഥാപനങ്ങൾക്കും സാദ്ധ്യതകളുണ്ട്..സാഹസിക ,വിനോദ, ഉപാധികളും ഫുഡ് പാർക്കും താമസ സൗകര്യങ്ങളും അന്താരാഷ്ട്രനിലവാരത്തിലുള്ള റോഡുകളും ക്രമീകരിച്ചാൽ വിദേശിയർ ഉൾപ്പെടെയുള്ളവരുടെ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളായി ഇത് മാറുന്നതു വഴി ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങളും ലഭിക്കുമെന്ന് മന്ത്രിയോട് പറഞ്ഞു. ഈ വിഷയം അടിയന്തരമായി പഠിക്കുമെന്നും അനുഭാവപർവ്വം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായി എം.പിയും എം.എൽ.എയും പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെക്കാവത്തിനും നേരിട്ട് നിവേദനം സമർപ്പിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top