ആലപ്പുഴ: എൽഡിഎഫിന്റെ ഐശ്വര്യമാണ് എൻഡിഎ മുന്നണിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗുരു നാരായണ സേവാനികേതൻ ട്രസ്റ്റ് സംഘടിപ്പിച്ച ഗുരു നാരായണ ധർമ്മ സമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് യുഡിഎഫ് കാലങ്ങളായി വിജയിച്ചു കൊണ്ടിരുന്ന പല മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം നേടിയത് എൻഡിഎ മത്സര രംഗത്ത് എത്തിയതോടെയാണ്. മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിൽ യുഡിഎഫിന്റെ വോട്ടുകൾ എൻഡിഎ പിടിക്കുന്നതു കൊണ്ടാണ് എൽഡിഎഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോൾ എംവി ഗോവിന്ദനുൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് മാഷ് എസ്എൻഡിപി യോഗത്തേയും ശ്രീനാരായണ പ്രസ്ഥാനങ്ങളേയും കടന്നാക്രമിക്കുന്നത്. എസ്എൻഡിപി യോഗം എന്താണെന്നും, അതിന്റെ ശൈലി എന്താണെന്നും, പ്രവർത്തനം എന്താണെന്നും മാഷിനറിയല്ല. എന്നാൽ എല്ലാ സമുദായങ്ങളേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു.
രാഷ്ട്രീയമായ വീതം വെപ്പിൽ പിന്നാക്ക ഈഴവാദി വിഭാഗങ്ങൾ തഴയപ്പെട്ടു എന്നത് വാസ്തവമാണ്. എൽഡിഎഫിന്റെ ജീവ നാഡിയായ അടിസ്ഥാന വർഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ല. വള്ളം മുങ്ങാൻ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ട് രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്നും വെളളാപ്പള്ളി വിമർശിച്ചു.
സത്യം വിളിച്ചു പറയുന്നതു കൊണ്ടാണ് തന്നെ കൂട്ടമായി ആക്രമിക്കാൻ ശ്രമിക്കുന്നത്. ജനകീയ ബന്ധമില്ലാത്ത, ജില്ലാ കമ്മിറ്റിയുടെ പിന്തുണ പോലുമില്ലാതിരുന്ന ആരിഫിനെ മത്സരപ്പിച്ചതോടെ വലിയ തിരിച്ചടിയാണ് ആലപ്പുഴയിൽ എൽഡിഎഫിന് നേരിടേണ്ടി വന്നത്. യോഗത്തെ തകർക്കാൻ ശ്രമിക്കുന്ന കാപാലികരെ തിരിച്ചറിയാനും ഇവർക്കെതിരിയായി ഒന്നിച്ച് പ്രവർത്തിക്കാനും സമുദായാംഗങ്ങൾ തയ്യാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.