തിരുവനന്തപുരം: സർവീസിൽ നിന്നും പിരിച്ചുവിട്ട ഇൻസ്പെക്ടറെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. മുൻ അയിരൂർ ഇൻസ്പെക്ടർ ആയിരുന്ന ജയസനിലിനെയാണ് പൊലീസ് കോട്ടേഴ്സിലെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സർവീസിൽ നിന്നും പിരിച്ചുവിട്ടുവെങ്കിലും പാളയത്തുള്ള പൊലീസ് ക്വാർട്ടേഴ്സ് ഇയാൾ ഒഴിഞ്ഞിരുന്നില്ല.
ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ ഇയാളുടെ ഭാര്യയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുന്നത്.വാതിൽ മുട്ടിയിട്ടും തുറക്കാത്തതിനാൽ അയൽവാസിയായ ക്യാർട്ടേഴ്സിലുള്ളവർ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചു. മ്യൂസിയം പൊലീസെത്തി വാതിൽ തുറന്നു അകത്തുകയറുമ്പോഴാണ് അബോധാവസ്ഥയിൽ ജയസനിലിനെ കണ്ടെത്തുന്നത്.
ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിഷം ഉള്ളിൽച്ചെന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.