Kerala

പദ്ധതി രേഖയും പഠനവുമില്ല; തീരദേശ ഹൈവേ മത്സ്യതൊഴിലാളികളെ ചൂഷണം ചെയ്യാന്‍; ആരോപണവുമായി യുഡിഎഫ്

സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ ഹൈവേ പദ്ധതിക്കെതിരെ യുഡിഎഫ്. കടുത്ത ജീവിത പ്രതിസന്ധി നേരിടുന്ന മത്സ്യതൊഴിലാളി സമൂഹത്തെ വികസനത്തിന്റെ പേരില്‍ ചൂഷണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. തീരദേശ ഹൈവേ പദ്ധതിയും മത്സ്യതൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള പദ്ധതിയാണ്. യുഡിഎഫ് ഉപസമിതി പദ്ധതി സംബന്ധിച്ച് വിശദമായ പഠനം നടത്തിയതായും സതീശന്‍ പറഞ്ഞു. വികസനത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. വികസനത്തിന്റെ പേരില്‍ പാവങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ നടപടികളെയാണ് യുഡിഎഫ് എതിര്‍ക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

ആറു വരിയാക്കാനുള്ള പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന എന്‍എച്ച് 66 ഭൂരിഭാഗം പ്രദേശങ്ങളിലും കടല്‍ത്തീരത്തോടു ചേര്‍ന്നാണ് കടന്നു പോകുന്നത്. ഫലത്തില്‍ എന്‍.എച്ച് 66 എന്നത് തീരദേശ ഹൈവേ തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ മറ്റൊരു തീരദേശ ഹൈവേയുടെ ആവശ്യകത മനസിലാകുന്നില്ലെന്നാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. ശാസ്ത്രീയമായി പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുകയോ ഡി.പി.ആര്‍ തയാറാക്കുകയോ ചെയ്തിട്ടില്ല. പലയിടത്തും ജനനിബിഡമായ തീരദേശത്തു കൂടിയാണ് നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും കടന്നുപോകുന്നത്. ടൂറിസം മാത്രം ലക്ഷ്യമിട്ട് മത്സ്യതൊഴിലാളികളുടെ ആവാസ വ്യവസ്ഥയും ഉപജീവനവും ഇല്ലാതാക്കുന്ന പദ്ധതി സൃഷ്ടിക്കുന്ന സാമൂഹിക ആഘാതം വിശദമായി പരിശോധിക്കപ്പെടേണ്ടതാണ് എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

ഭൂമി ഏറ്റെടുക്കുന്നതിന് ഇറക്കിയിരിക്കുന്ന ഉത്തരവ് മത്സ്യതൊഴിലാളികളുടെ നഷ്ടപരിഹാരം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പദ്ധതിക്കായി നാല് ബദല്‍ നിര്‍ദേശങ്ങളും യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

യുഡിഎഫിന്റെ ബദല്‍ നിര്‍ദേശങ്ങള്‍

1) മത്സ്യതൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശങ്ങളുടെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുക. നിലവിലെ തീരദേശ ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കണമെങ്കില്‍ കുടിയൊഴിപ്പിക്കല്‍ പരിമിതപ്പെടുത്തിയും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് 2013-ലെ നിയമപ്രകാരമുള്ള എല്ലാ നഷ്ടപരിഹാര അവകാശങ്ങളും ഉറപ്പാക്കിയും കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അതത് പ്രദേശങ്ങളില്‍ സുരക്ഷിതമായ പുനരധിവാസം ഉറപ്പു വരുത്തിയുമായിരിക്കണം.

2) ഇപ്രകാരം വികസിപ്പിക്കുന്ന തീരദേശ റോഡുകളെ നിലവിലെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ കൂടി ദേശീയപാത നിലവാരത്തില്‍ വികസിപ്പിക്കുക. (മത്സ്യവിഭവങ്ങള്‍ ഏറ്റവും വേഗം കമ്പോളത്തില്‍ എത്തിക്കാന്‍ സഹായകരമാകുന്ന വിധം)

3) മൂന്ന് പതിറ്റാണ്ടുകളായി കോടികള്‍ ചെലവഴിച്ചിട്ടും ദേശീയ ജലപാത വികസനം ഇന്നും സ്വപ്നമായി നിലനില്‍ക്കുകയാണ്. ഈ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ചരക്കു ഗതാഗതം ചുരുങ്ങിയ ചെലവില്‍ സാധ്യമാകും. ടൂറിസം മേഖലയ്ക്കും വലിയ കുതിച്ചു ചാട്ടമുണ്ടാകും. എന്നാല്‍ പദ്ധതി ആവശ്യപ്പെടുന്ന പ്രകാരമുള്ള ടെര്‍മിനലുകളുടെ നിര്‍മ്മാണങ്ങളോ, ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനമോ എങ്ങുമെത്തിയിട്ടില്ല. അടിയന്തിരമായി ഇതൊക്കെ പൂര്‍ത്തികരിച്ചാല്‍ മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിക്കുന്ന തീരദേശ ഹൈവേ ഉപേക്ഷിക്കാവുന്നതാണ്.

4) സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സൈക്കിള്‍ ട്രാക്കുകള്‍ മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാതെ തന്നെ കടല്‍ ഭിത്തിയോട് ചേര്‍ന്ന് നിര്‍മ്മിക്കാവുന്നതാണ്.മത്സ്യതൊഴിലാളികള്‍ നേരിടുന്ന കടലാക്രമണം തടയുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയമായ തീര സംരക്ഷണ പദ്ധതികളില്‍ സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ ചെലുത്തേണ്ടത്. ഇതിനായി സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയുള്ള സ്പെഷല്‍ പാക്കേജ് നടപ്പാക്കുന്നതിന് പകരം തീരദേശ ഹൈവേയുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതിവിദൂരമല്ലാതെ കേരളത്തിലെ മത്സ്യ തൊഴിലാളി സമൂഹം തന്നെ ഓര്‍മ്മയായി മാറും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top