വെള്ളൂർ : കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം ഇലവുംചുവട്ടിൽ വീട്ടിൽ അജീഷ് ബി. മാർക്കോസ്(40), തലയാഴം ഉല്ലല ഭാഗത്ത് മനയ്ക്കച്ചിറ വീട്ടിൽ ബിജു. എം.എസ് (43) എന്നിവരെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ വെള്ളൂർ ശാഖയിൽ രണ്ടുതവണകളിലായി എട്ടു വളകൾ പണയം വച്ച് രണ്ടു ലക്ഷത്തി നാൽപത്തിയെട്ടായിരം (2,48,000) രൂപ തട്ടിയെടുത്ത കേസിൽ മനോജ് എന്നയാളെ കഴിഞ്ഞദിവസം വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മനോജ് കുമാറിന് ഈ വളകൾ പണയം വയ്ക്കാൻ നൽകിയത് അജീഷും, ബിജുവും ചേർന്നാണെന്ന് കണ്ടെത്തുകയും തുടർന്ന് ഇവരെ പിടികൂടുകയുമായിരുന്നു. ബിജു തന്റെ കയ്യിലുള്ള മെഷീനുകൾ ഉപയോഗിച്ച് മുക്കുപണ്ടങ്ങൾ നിർമ്മിച്ച് കമ്മീഷൻ വ്യവസ്ഥയിൽ പണയം വയ്ക്കാൻ ഇവര്‍ക്ക് നൽകുകയായിരുന്നു.
ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. വെള്ളൂർ സ്റ്റേഷൻ എസ്.ഐ എബി ജോസഫ്, രാംദാസ്, എ.എസ്.ഐ മഞ്ജുഷാ ഗോപി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കും തലയോലപ്പറമ്പ്, വെള്ളൂർ എന്നീ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.