‘ബേഠി പഠാവോ, ബേഠി ബച്ചാവോ’ – അതായത് പെണ്‍കുട്ടിയെ പഠിപ്പിക്കുക, പെണ്‍കുട്ടിയെ രക്ഷിക്കുക.- കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ വലിയ പ്രചരണായുധവും മുദ്രാവാക്യവുമായിരുന്നു ഇത്. പക്ഷേ, രക്ഷിക്കലും പഠിപ്പിക്കലുമൊക്കെ കടലാസില്‍ മാത്രം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ 31000 സ്ത്രീകളെ കാണാനില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. മധ്യപ്രദേശ് നിയമസഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2021 ജൂലൈ ഒന്നുമുതല്‍ 2024 മെയ് 31 വരെയുള്ള കാലയളവില്‍ 28857 സ്ത്രീകളേയും 2944 പെണ്‍കുട്ടികളേയും കാണാതായി എന്നാണ് സര്‍ക്കാര്‍ സഭയില്‍ പറഞ്ഞത്. സ്ത്രീ സുരക്ഷക്കായി മധ്യപ്രദേശില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഇത്രയേറെ സ്ത്രീകളുടെ തിരോധാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്.
സ്ത്രീസുരക്ഷ എന്ന ബിജെപിയുടെ അവകാശ വാദം ശുദ്ധതട്ടിപ്പാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. നിയമസഭയില്‍ സമര്‍പ്പിച്ച കണക്കകള്‍ക്കും അപ്പുറമാണ് യഥാര്‍ത്ഥ വസ്തുതകളെന്നും ആരോപണം ഉയരുന്നുണ്ട്. പലപ്പോഴും സ്ത്രീകളെ കാണാതാവുന്ന സംഭവങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ ബാല ബച്ചന് പറഞ്ഞു. മിക്ക പരാതികളിലും കേസെടുക്കാറില്ല. പരാതിയുമായി ചെല്ലുന്നവരെ പോലീസ് ഭീഷണിപ്പെടുത്തുകയാണ് പതിവെന്നും അദ്ദേഹം ആരോപിച്ചു.
ഉജ്ജയിനില്‍ നിന്നു മാത്രം 724 സ്ത്രീകളെ കാണാതായതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 34 മാസത്തിനിടയില്‍ 676 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇന്‍ഡോറിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതായിരിക്കുന്നത്. 2384 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മാസം മാത്രം 479 സ്ത്രീകളെ കാണാതായ സംഭവമുണ്ടായിട്ട്. എന്നാല്‍ കേവലം 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മനുഷ്യക്കടത്തിന് ഉപയോഗിക്കുന്ന വന്‍ റാക്കറ്റ് മധ്യപ്രദേശില്‍ സജീവമാണ്. ദരിദ്രരും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ് മിക്കപ്പോഴും ഇത്തരം റാക്കറ്റുകളുടെ വലയില്‍ വീണുപോകുന്നത്. ഇത്രയേറെ സ്ത്രീകളെ കാണാതായിട്ടും മധ്യപ്രദേശ് സര്‍ക്കാര്‍ കാര്യമായ നടപടികളൊ സ്വീകരിച്ചില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം