Kerala

ഹേമ കമ്മറ്റി റിപ്പോർട്ട് ബുധനാഴ്ച പരസ്യമാകും; സ്വകാര്യത സംരക്ഷിക്കാൻ 70ലേറെ പേജുകൾ ഒഴിവാക്കാൻ ധാരണ

ഗുരുതര പരാമർശങ്ങളുള്ള 80ലേറെ പേജുകൾ ഒഴിവാക്കി ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് വരുന്ന ബുധനാഴ്ച (24 ജൂലൈ) പുറത്തുവരും. അപേക്ഷകരോട് അന്ന് വൈകിട്ട് മൂന്നരക്ക് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി പകർപ്പ് നേരിൽ കൈപ്പറ്റാൻ അറിയിച്ച് സാംസ്കാരിക വകുപ്പ് കത്തയച്ചു. ലൈംഗീക ആരോപണങ്ങൾ ഉന്നയിച്ച ഇരകളുടെ സ്വകാര്യത സംരക്ഷിക്കാൻ ഉദ്ദേശിച്ച് വിവരാവകാശ കമ്മിഷൻ നിർദേശിച്ച പേജുകൾ ഒഴിവാക്കി, ബാക്കിയുള്ള 233 പേജുകൾക്ക് മൂന്നുരൂപ നിരക്കിൽ 699 രൂപ ഒടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമയിൽ ആരോപിക്കപ്പെടുന്ന ലിംഗവിവേചനവും ലൈംഗിക ആക്ഷേപങ്ങളും അടക്കം പരാതികൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മറ്റി മൊഴിയെടുപ്പ് അടക്കം നടപടികളിലെല്ലാം രഹസ്യസ്വഭാവം നിലനിർത്തിയതിനാൽ ഒട്ടേറെ പരാതികൾ ലഭിച്ചു. എന്നാൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഇതൊന്നും പുറത്തുവിടരുതെന്ന് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പരാതികളിലൊന്നും വസ്തുതാന്വേഷണം നടത്തിയിട്ടില്ല എന്നതാണ് കാരണമായി പറഞ്ഞത്. പരിഹാര മാർഗങ്ങൾ ക്രോഡീകരിക്കാൻ ഇതിലെ നിർദേശങ്ങൾ ഉപയോഗിക്കുക മാത്രമേ ആകാവൂവെന്ന് ആവശ്യപ്പെട്ടത് പ്രകാരം റിപ്പോർട്ട് പരസ്യമാക്കാതെ സൂക്ഷിക്കുകയായിരുന്നു സർക്കാർ. എന്നാലിപ്പോൾ വിവരാവകാശ കമ്മിഷൻ്റെ ഇടപെടലിലാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

ഇരകളുടെ സ്വകാര്യത സംരക്ഷിക്കാൻ ഉദ്ദേശിച്ച് 80ലധികം പേജുകൾ മറയ്ക്കുന്നുണ്ട് എന്നറിയിച്ചാണ് സാംസ്കാരിക വകുപ്പ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്ക് മറുപടി കത്തയച്ചിരിക്കുന്നത്. ചില പേജുകൾ പൂർണമായി തന്നെ ഒഴിവാക്കപ്പെടും. ഉദാഹരണത്തിന്, കമ്മിഷൻ റിപ്പോർട്ടിലെ 59 മുതൽ 79വരെയുള്ള പേജുകൾ അപേക്ഷകർക്ക് നൽകില്ല. ഈ പേജുകളിൽ ഉൾപ്പെട്ട 18 മുതൽ 162 വരെയുള്ള പാരഗ്രാഫുകളാണ് ഒറ്റയടിക്ക് ഒഴിവാക്കപ്പെടുക. 81 മുതൽ 100 വരെയുള്ള പേജുകളും പുറത്തുവരില്ല. ഒഴിവാക്കാൻ വിവരാവകാശ കമ്മിഷൻ നിർദേശിച്ചതിന് പുറമെ ചില ഭാഗങ്ങൾ വൈറ്റ്നർ ഉപയോഗിച്ച് മായ്ച്ച ശേഷം പകർപ്പ് നൽകിയാൽ മതിയെന്നും സാംസ്കാരിക വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സിനിമാ ഷൂട്ടിങ് സെറ്റുകളിലെ സമയക്രമം മുതൽ ‘കാസ്റ്റിങ് കൗച്ച്’ പോലെയുള്ള ലൈംഗിക അതിക്രമങ്ങൾ വരെ പരാതികളായി ഹേമ കമ്മറ്റിക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഒരു കാര്യവും പരിശോധിച്ച് ഉറപ്പാക്കാതെയാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാലപ്പഴക്കവും മറ്റ് പല സാഹചര്യങ്ങളും കൊണ്ട് ഇനി പലതും തെളിവുകൾ ശേഖരിച്ച് പരിശോധിച്ച് വസ്തുത തെളിയിക്കാൻ നിർവാഹവുമില്ല. പോലീസ് ഇടപെടൽ ആവശ്യമുള്ള അതീവ ഗൗരവ സ്വഭാവമുള്ള പരാതികളും ചിലർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പുതിയൊരു കേസോ നടപടികളോ പലർക്കും താൽപര്യമില്ല. ഇതെല്ലാം കൊണ്ടാണ് വസ്തുതാ അന്വേഷണത്തിനായി പോലീസ് ഇടപെടലോ ഒന്നും ജസ്റ്റിസ് ഹേമ ശുപാർശ ചെയ്യാതിരുന്നത്.

2017ൽ കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായതോടെയാണ് സിനിമാ വ്യവസായത്തിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദങ്ങൾ ഉയർന്നത്. ഇതിൻ്റെ ചുവടുപിടിച്ച് രൂപംകൊണ്ട സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കലക്ടീവ് (Women in Cinema Collective) എന്ന സംഘടന ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി കമ്മിഷനെ നിയോഗിച്ചത്. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകൾ, അനുബന്ധ സംവിധാനങ്ങളിലെല്ലാം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. മുതിർന്ന താരം ശാരദ, ഐഎഎസിൽ നിന്ന് വിരമിച്ച കെ.ബി.വത്സല കുമാരി എന്നിവർ ആയിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top