ബിഎസ് പി സംസ്ഥാന പ്രസിഡന്റ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുംമുന്പ് തമിഴ്നാട്ടില്‍ വീണ്ടും കൊലപാതകം. തീവ്ര തമിഴ്വാദ പാർട്ടിയായ നാം തമിഴർ കക്ഷിയുടെ നേതാവ് സി.ബാലസുബ്രമഹ്ണ്യം(48) ആണ് കൊല്ലപ്പെട്ടത്. പത്തു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് തമിഴകം.
അക്രമികളെ തേടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇന്നു രാവിലെ മധുരയിലെ വല്ലഭായ് റോഡിൽ പ്രഭാത നടത്തത്തിനിറങ്ങുമ്പോഴാണ് ബാലസുബ്രമഹ്ണ്യം ആക്രമിക്കപ്പെട്ടത്.
നാലംഗ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഡിഎംകെ മന്ത്രി പളനിവേൽ ത്യാഗരാജന്റെ വീടിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. ബാലസുബ്രമഹ്ണ്യത്തിനെതിരെ മൂന്നു കേസുകൾ നിലവിലുണ്ടെന്നാണ് മധുരൈ സിറ്റി പൊലീസ് കമ്മിഷണർ ജെ.ലോകനാഥൻ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മധുരൈ രാജാജി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.