ബ്യൂണസ് അയേഴ്‌സ് (അർജന്റീന): കോപ്പ അമേരിക്ക ഫൈനൽ വിജയാഘോഷം നടത്തുന്നതിനായി തിങ്കളാഴ്ച പുലർച്ചെ ആയിരക്കണക്കിന് പേരാണ് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ തടിച്ചുകൂടിയത്. എന്നാൽ ഇത് വലിയ ദുരന്തത്തിന് വഴിവെച്ചു. ബ്യൂണസ് അയേഴ്സിലെ സൂപത്തിൽ കയറി അർജന്റീനയുടെ പതാക വീശാൻ ശ്രമിച്ച ആരാധകൻ നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണ് മരിച്ചു.
കൊളംബിയക്കെതിരേ ഫൈനൽ തുടങ്ങുന്നതിന് മുൻപാണ് സംഭവം. നഗരത്തിലെ സ്തൂപത്തിലെ ബി.എ. ബ്ലെസൈനിൽ അർജന്റീന പതാക വീശുന്നതിനായി കയറിയതായിരുന്നു ഇരുപത്തൊൻപതുകാരൻ മുകളിലെത്തി താഴേക്ക് ചാടിയെങ്കിലും നിയന്ത്രണം നഷ്ടമായി. ഇതോടെ താഴെവീണ് തൽക്ഷണം മരിച്ചു. കർശന നിർദേശം ലംഘിച്ചാണ് യുവാവ് സ്തൂപത്തിൽ കയറിയത്. താഴെയിറങ്ങാൻ പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതോടെ ഫയർ ഉദ്യോഗസ്ഥരുടെ പിന്തുണ തേടി. എന്നാൽ അതിനു മുൻപേ താഴെ വീണെന്ന് ബ്യൂണസ് അയേഴ്‌സ് സിറ്റി സെക്യൂരിറ്റി മന്ത്രാലയം അറിയിച്ചു.
പ്രാദേശിക സമയം അർധരാത്രി ഒരു മണി കഴിഞ്ഞാണ് കളി അവസാനിച്ചത്. രണ്ടാംപകുതിയിൽ ലൗട്ടാരോ മാർട്ടിനസിന്റെ മിന്നും ഗോളാണ് അർജന്റീനയ്ക്ക് കിരീടം നേടിനൽകിയത്. ഇതേത്തുടർന്ന് ആയിരക്കണക്കിന് പേർ സ്തൂപത്തിന് സമീപം വിജയാഘോഷം നടത്താനായി ഒരുമിച്ചുകൂടി. പുലർച്ചെ നാലുമണിയോടെ നഗരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ആരാധകർ വിസമ്മതിച്ചു. ഇതോടെ ചിലരെ അറസ്റ്റുചെയ്തു.