സിപിഐയുടെ കേരളത്തിലെ മുതിര്‍ന്ന നേതാവായ പ്രകാശ് ബാബുവിന് നേരെ വീണ്ടും നേതൃത്വത്തിന്റെ പകപോക്കല്‍. കേരളത്തില്‍ നിന്നും ദേശീയ സെക്രട്ടേറിയറ്റിലേക്കുള്ള ഒഴിവില്‍ പ്രകാശ് ബാബുവിനെ ഒഴിവാക്കി ആനി രാജയെയാണ് നാമനിര്‍ദേശം ചെയ്തത്. കാനത്തിന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാണ് പ്രകാശ് ബാബുവിനെ ഒഴിവാക്കിയത്.
കാനം രാജേന്ദ്രന്റെ ഒഴിവിലാണ് നിയമനം. സ്വാഭാവികമായ നടപടിയെന്നാണ് സിപിഐയുടെ വിശദീകരണം. ഇന്നലെ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തത്.
തന്നെ ഒഴിവാക്കിയതില്‍ പ്രകാശ് ബാബു കടുത്ത അതൃപ്തിയിലാണ് എന്നാണ് സൂചന. ആനി രാജ തീര്‍ത്തും അര്‍ഹയാണ് എന്നാണ് പ്രകാശ് ബാബു പ്രതികരിച്ചതെങ്കിലും കാനം വിരുദ്ധ പക്ഷത്തില്‍ പ്രശ്നം പുകയുകയാണ്. ഇതിന് തൊട്ടുമുന്‍പ് പ്രകാശ് ബാബുവിന് അര്‍ഹതയുണ്ടായിരുന്ന രാജ്യസഭാ അംഗത്വം സിപിഐയുടെ യുവ നേതാവ് പി.പി.സുനീറിനാണ് നല്‍കിയത്.
സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ രാജ്യസഭാ സീറ്റ് പ്രശ്നം ചര്‍ച്ചയായപ്പോള്‍ പൊന്തിവന്നത് പ്രകാശ് ബാബുവിന്റെ പേരായിരുന്നു. എന്നാല്‍ യോഗത്തില്‍ കാനത്തിന്റെ മനസ്സില്‍ സുനീര്‍ ആയിരുന്നെന്ന വൈകാരിക പരാമര്‍ശവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നതോടെയാണ് സുനീറിന് നറുക്ക് വീണത്. ഈ പ്രശ്നം സിപിഐയില്‍ പുകയുമ്പോള്‍ തന്നെയാണ് വീണ്ടും പ്രകാശ് ബാബുവിനെ വെട്ടി ആനി രാജയെ ദേശീയ സെക്രട്ടേറിയറ്റ് അംഗമാക്കിയത്.