കൊച്ചി: തിമിംഗല ഛര്‍ദി (ആംബർഗ്രിസ്) പിടികൂടിയ കേസിൽ ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ.
കോൺഗ്രസ് എംപി മുഹമ്മദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധു മുഹമ്മദ് ഇഷാഖ് (31) ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് പൊലീസുകാരായ മുഹമ്മദ് നൗഷാദ് ഖാൻ, ബി.എം ജാഫർ എന്നിവരും പിടിയിലായിരുന്നു. കടവന്ത്ര പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്നാണ് കഴിഞ്ഞ ദിവസം തിമിംഗല ഛർദി പിടികൂടിയത്. മുഹമ്മദ് ഇഷാഖ് ഒരാളെ ഏൽപ്പിക്കാൻ ആണെന്ന് പറഞ്ഞ് ഒരു കവർ നൽകിയിരുന്നെന്നും ഇതിൽ തിമിംഗല ഛർദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാൻ ഒരാൾ വരുമെന്നും അയാൾക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിർദേശം നൽകിയിരുന്നതെന്നും ഇവർ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.