Politics

സബ്മിഷന് വേണ്ടി പരാതി കൊടുപ്പിച്ചെന്ന് മുഖ്യമന്ത്രി; പാര്‍ട്ടിക്കാരുടെ കോഴ ഇടപാടിനെ ന്യായീകരിക്കുനെന്ന് സതീശന്‍; സഭയില്‍ വാക്ക്‌പോര്

പി.എസ്.സി അംഗത്വം നല്‍കാമെന്ന് ഉറപ്പ് നല്‍കി സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ നിയമസഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. വിഷയം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സബ്മിഷനായാണ് ഉന്നയിച്ചത്. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന ആരോപണം ഉണ്ടായിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പി.എസ്.സിയിലെ അംഗങ്ങളുടെ നിയമനം മുഴുവന്‍ ലേലത്തില്‍ വച്ചിരിക്കുകയാണ്. ഇടതുമുന്നണിയിലെ ഘടകക്ഷികളും ഇതുതന്നെയാണ് ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു. സംസ്ഥാനത്തിന് മുഴുവന്‍ അപമാനകരമായ സംഭവമാണ്. സിപിഎമ്മിലെ ആഭ്യന്തരകാര്യമല്ല. പാര്‍ട്ടി കോടതിയും പോലീസും അന്വേഷിച്ചാല്‍ പോര. അടിയന്തരമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് ഭരണകാലത്ത് മാത്രമാണ് പി.എസ്.സി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന കണക്കുകള്‍ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അംഗത്വത്തിന് കോഴയെന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണ്. ക്രമക്കേടൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ല. നിയമിച്ച അംഗങ്ങളെ കുറിച്ച് ഒരു ആക്ഷേപം ഉയര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സഭയില്‍ ഈ വിഷയം ഉന്നയിക്കുന്നതിന് യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ കൊണ്ട് പ്രതിപക്ഷ നേതാവ് കോഴിക്കോട് സിറ്റിപോലീസ് കമ്മിഷണര്‍ക്ക് ഒരു പരാതി നല്‍കിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണ്. ഒരു തട്ടിപ്പും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത് അറിഞ്ഞിട്ടില്ല. ഇന്നാണ് ആദ്യമായി പരാതി ലഭിച്ചതെങ്കില്‍ ഇന്നലെ ആരോപണം ഉന്നയിച്ച ഡോക്ടര്‍ ദമ്പതികളുടെ മൊഴി പോലീസ് എടുത്തത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിവാദം പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞത് എന്തിനെന്നും പറയണം. മുഖ്യമന്ത്രി തന്നെ പി.എസ്.സിയെ കരിവാരി തേയ്ക്കുകയാണ്. പാര്‍ട്ടിക്കാര്‍ പണം വാങ്ങിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

സ്വന്തം പാര്‍ട്ടിയുടെ രീതി വച്ച് മറ്റുള്ളവരെ ആക്ഷേപിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവിന് കോണ്‍ഗ്രസിലെ രീതി മാത്രമേ അറിയാവൂ. അതൊന്നും ഇടതുപക്ഷത്തിന് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top