ആശുപത്രികളിൽ നിന്ന് ടൂവീലർ മോഷ്ടിച്ച കേസിൽ പ്രതിയായ എഞ്ചിനീയർ അറസ്റ്റിൽ.കരൂർ സ്വദേശിയായ ഗൗതമിനെയാണ് കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്.12 ടൂവീലറുകൾ കണ്ടെടുത്തു. ഗൗതമിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗൗതം വിവിധ ആശുപത്രികള്‍ക്ക് സമീപം പാർക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകള്‍ മോഷ്ടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജി കെ എൻ എം ആശുപത്രി, കോയമ്പത്തൂർ സിറ്റി, സുലൂർ എന്നിവിടങ്ങളിലെ കെ എം സി എച്ച്, ഡിണ്ടിഗൽ – പളനി റോഡിലെയും ട്രിച്ചിയിലെയും സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളും ബൈക്കുകളുമാണ് ഇയാൾ മോഷ്ടിച്ചത്.
ആറ് ബൈക്കുകളും ആറ് സ്കൂട്ടറുകളും മോഷ്ടിച്ച ഗൗതം സേലം, ട്രിച്ചി, ധർമപുരി, ചെന്നൈ എന്നിവിടങ്ങളിലെ ആളുകൾക്ക് 10,000 മുതൽ 25,000 വരെ രൂപയ്ക്കാണ് വിറ്റത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടുപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച 12 ഇരുചക്ര വാഹനങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.